അർധ സെഞ്ചുറിയുമായി ഗില്ലും കോഹ്ലിയും ശ്രേയസും; ഇന്ത്യയ്‌ക്കെതിരേ ശ്രീലങ്കയ്ക്ക് 358 റൺസ് വിജയലക്ഷ്യം‌| ICC Cricket World Cup 2023 India vs Sri Lanka match updates fifty for Shubman Gill Virat Kohli Shreyas Iyer – News18 Malayalam


മുംബൈ: ക്യാപ്റ്റനെ നേരത്തെ നഷ്ടപ്പെട്ടെങ്കിലും ശുഭ്മാന്‍ ഗില്ലും വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും അര്‍ധസെഞ്ചുറി നേടി തകര്‍ത്തടിച്ച മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ ശ്രീലങ്കയ്ക്ക് 358 റണ്‍സ് വിജയലക്ഷ്യം. മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 8വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു.

ഓപ്പണർ ശുഭ്മൻ ഗിൽ 92 പന്തിൽ 92 റൺസും വിരാട് കോഹ്ലി 94 പന്തിൽ 88 റൺസും നേടി പുറത്തായി. 56 പന്തുകൾ നേരിട്ട ശ്രേയസ് അയ്യർ 82 റൺസെടുത്തു. ശ്രീലങ്കയ്ക്കായി ദിൽഷൻ മദുഷംഗ 5 വിക്കറ്റുകൾ വീഴ്ത്തി.

വാങ്കഡെ സ്റ്റേഡിയത്തിൽ ഹിറ്റ്മാൻ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിച്ചെത്തിയ ആരാധകര്‍ ആദ്യം നിരാശപ്പെട്ടെങ്കിലും അവർക്ക് കോഹ്ലിയും ഗില്ലും അയ്യരും നല്ല കാഴ്ചവിരുന്നൊരുക്കി. മത്സരത്തിലെ രണ്ടാം പന്തിൽ തന്നെ രോഹിത് ശർമ ബോൾഡായി. പക്ഷേ കോഹ്ലിയും ഗില്ലും ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി. 16 ഓവറിലാണ് ഇന്ത്യ 100 പിന്നിട്ടത്. വിരാട് കോഹ്ലി 50 പന്തുകളിലും ഗിൽ 55 പന്തുകളിലും അർധ സെഞ്ചറി തികച്ചു.

അതിവേഗം സെഞ്ചറിയിലേക്ക് കുതിച്ച ഗില്ലിനെ ദിൽഷൻ മദുഷംഗയാണ് പുറത്താക്കിയത്. ക്യാപ്റ്റൻ കുശാൽ മെൻഡിസ് ക്യാച്ചെടുത്തു ഗില്ലിനെ പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെ സെഞ്ചറിയില്ലാതെ വിരാട് കോലിഹ്യും മടങ്ങിയത് ആരാധകർക്ക് നിരാശയായി. മദുഷംഗയുടെ പന്തിൽ പതും നിഗംസ ക്യാച്ചെടുത്തു കോഹ്ലിയെ മടക്കി.

പിന്നാലെത്തിയ താരങ്ങളിൽ ശ്രേയസ് അയ്യർ നിലയുറപ്പിച്ചപ്പോൾ, കെ എൽ രാഹുലും (19 പന്തിൽ 21), സൂര്യകുമാർ യാദവും (ഒൻപതു പന്തിൽ 12) പെട്ടെന്നു മടങ്ങി. അതിവേഗം ബൗണ്ടറികൾ കണ്ടെത്തിയ അയ്യർ 36 പന്തിൽ 50 പിന്നിട്ടു. 44. 5 ഓവറുകളിലാണ് ഇന്ത്യ 300 കടന്നത്. സ്കോർ 333 ൽ നിൽക്കെ ഇന്ത്യയുടെ ആറാം വിക്കറ്റും വീണു. അയ്യരെ മദുഷംഗ മഹീഷ് തീക്ഷണയുടെ കൈകളിലെത്തിക്കുകയായിരുന്നു. മുഹമ്മദ് ഷമിയെ കുശാൽ മെൻഡിസ് റണ്ണൗട്ടാക്കി. അവസാന പന്തുകളിൽ ആഞ്ഞടിച്ച രവീന്ദ്ര ജഡേജ 24 പന്തിൽ 35 റൺസെടുത്തു.