ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാൻ വൈകുന്നത് എന്തുകൊണ്ട്?


2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിന് 15 ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പ്രഖ്യാപനം വൈകുന്നു. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റി ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല. ടൂർണമെന്‍റിൽ പങ്കെടുക്കുന്ന ആറിൽ മൂന്ന് രാജ്യങ്ങൾ മാത്രമാണ് ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം ഫിറ്റ്നസ് തെളിയിക്കാൻ കെഎൽ രാഹുലിനും ശ്രേയസ് അയ്യർക്കും മതിയായ സമയവും അവസരവും നൽകണമെന്ന സെലക്ടർമാരുടെ താൽപര്യമാണ് ടീം സെലക്ഷൻ വൈകാൻ ഇടയാകുന്നതെന്നാണ് റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് അനുസരിച്ച്, ഈ ആഴ്ച പ്രഖ്യാപനം വന്നേക്കാം.

ഋഷഭ് പന്ത് ഇൻസ്റ്റാഗ്രാമിൽ അടുത്തിടെ പങ്കിട്ട ഒരു ക്ലിപ്പ്, ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ഒരു മാച്ച് സിമുലേഷനിൽ രാഹുലും അയ്യരും പങ്കെടുക്കുന്നത് കാണിച്ചിരുന്നു. രാഹുൽ വിക്കറ്റ് കീപ്പറാകുമോയെന്ന കാര്യം വ്യക്തമല്ല.

രാഹുലും അയ്യറും ഈ വർഷമാദ്യം ശസ്ത്രക്രിയകൾക്ക് വിധേയരായിരുന്നു. വിശ്രമത്തിനുശേഷം ഇരുവരും ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തിവരികയാണ്. ഏഷ്യാ കപ്പിനും ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പിനും മുമ്പായി ഫിറ്റ്നസ് വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇരുവരും. 50 ഓവറും വിക്കറ്റ് കീപ്പറായി തുടരാനാകുമോയെന്ന കാര്യം രാഹുൽ സെലക്ടർമാർക്ക് മുന്നിൽ തെളിയിക്കേണ്ടിവരും.

അതേസമയം, വെസ്റ്റ് ഇൻഡീസ് ടി20 ഐ പരമ്പരയ്ക്കിടെ നടത്തിയ മികച്ച പ്രകടനം തിലക് വർമ്മയ്ക്ക് അനുകൂലമാകുമെന്ന സൂചനയുണ്ട്. എന്നാൽ രാഹുലും ശ്രേയസ് അയ്യരും ഫിറ്റ്നസ് നേടുന്നതിൽ പരാജയപ്പെട്ടാൽ മാത്രമാകും തിലക് വർമയെ പരിഗണിക്കുക.