ചെന്നൈ: ഏഷ്യൻ ചാംപ്യൻസ് ഹോക്കിയിൽ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യയുടെ കുതിപ്പ്. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് അയൽക്കാരായ പാകിസ്ഥാനെ ഇന്ത്യ കീഴടക്കിയത്. ഈ ജയത്തോടെ ഇന്ത്യ സെമിയിലേക്ക് മുന്നേറിയപ്പോൾ പാകിസ്ഥാൻ സെമി കാണാതെ പുരഥ്തായി.
ക്യാപ്റ്റൻ ഹര്‍മൻപ്രീത് സിങ് നേടിയ ഇരട്ടഗോളുകളാണ് ഇന്ത്യൻ ജയത്തിന് അടിത്തറയേകിയത്. ജുഗ്രാജ് സിങ്ങും ആകാശ്ദീപ് സിങ്ങും ഓരോ ഗോൾ വീതം നേടി. നാളെ സെമിയില്‍ ഇന്ത്യ ജപ്പാനെ നേരിടും. മലേഷ്യയും ദക്ഷിണകൊറിയയും തമ്മിലാണ് രണ്ടാമത്തെ സെമി.
പാകിസ്ഥാനെതിരെ മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയത് ഇന്ത്യയായിരുന്നു. പെനല്‍റ്റി കോര്‍ണര്‍ മുതലാക്കുന്നതില്‍ മിടുക്ക് കാണിച്ച ടീം മികച്ച ഫീല്‍ഡ് ഗോളുമൊരുക്കി. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങിയ ഇന്ത്യ സ്വന്തം കാണികള്‍ക്കുമുമ്പില്‍ എതിരാളിയെ നിഷ്പ്രഭമാക്കി. മറ്റു മത്സരങ്ങളില്‍ ജപ്പാൻ 2-1ന് ചൈനയെ തോല്‍പ്പിച്ച് സെമിയിലേക്ക് കയറി. മലേഷ്യ ഒരു ഗോളിന് ദക്ഷിണകൊറിയയെ കീഴടക്കി.
ഏഷ്യൻ ചാംപ്യൻസ് ഹോക്കിയുടെ ലീഗ് ഘട്ടത്തിൽ ഇന്ത്യ അഞ്ച് കളിയില്‍ 13 പോയിന്റുമായി ഒന്നാമതെത്തി. ജപ്പാനോടുമാത്രമാണ് ഇന്ത്യ സമനിലയില്‍ കുടുങ്ങിയത്. ടൂർണമെന്‍റിൽ ഇന്ത്യ 20 ഗോളടിച്ചപ്പോള്‍ തിരിച്ചുവാങ്ങിയത് അഞ്ചെണ്ണം മാത്രമാണ്.
12 പോയിന്‍റ് നേടിയാണ് മലേഷ്യ സെമി ഉറപ്പിച്ചത്. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മുമ്പ് പാകിസ്ഥാനും ദക്ഷിണകൊറിയക്കും ജപ്പാനും അഞ്ച് പോയിന്റ് വീതമായിരുന്നു. മൂന്നുതവണ ചാംപ്യൻമാരായ പാകിസ്ഥാൻ ഇന്ത്യയോട് വൻ മാർജിനിൽ തോറ്റതോടെ സെമി കാണാതെ പുരഥ്താകുകയായിരുന്നു. ഗോള്‍ശരാശരിയില്‍ പാകിസ്ഥാൻ പിന്നിലായിരുന്നു. അഞ്ച് കളിയില്‍ ഒറ്റ പോയിന്റുമായി ചൈനയും പുറത്തായി.