16 ബാറ്റുകൾ കാണാനില്ല; വൻ മോഷണത്തിൽ നടുങ്ങി ക്യാപിറ്റൽസ് ക്യാംപ്

ഐപിഎൽ ടീം ഡെൽഹി ക്യാപിറ്റൽസ് താരങ്ങളുടെ ക്രിക്കറ്റ് കിറ്റുകളിൽ വൻ മോഷണം. ഇന്ത്യൻ എകസ്പ്രസിന്റെ റിപ്പോർട്ട് പ്രകാരം ക്യാപ്റ്റൻ ഡേവിഡ് വാർണറടക്കമുള്ളവർക്ക് ബാറ്റും ​മറ്റ് വസ്തുക്കളും നഷ്ടമായി.

റിപ്പോർട്ട് പ്രകാരം ബെം​ഗളുരുവിലെ ഐപിഎൽ മത്സരശേഷം ഞായറാഴ്ച ഡെൽഹിയിൽ തിരിച്ചെത്തിയപ്പോഴാണ് കളിക്കാർ മോഷണം നടന്നതായി മനസിലാക്കിയത്. വാർണറിന്റെ മൂന്നും മിച്ചൽ മാർഷിന്റെ രണ്ടും ബാറ്റുകൾ നഷ്ടമായി. ഇന്ത്യൻ യുവതാരം യാഷ് ദുളിന്റെ അഞ്ച് ബാറ്റുകളാണ് നഷ്ടമായത്. മറ്റ് കളിക്കാരുടെ ​ഗ്ലൗസുകളും പാഡുകളും ഷൂസുകളും നഷ്ടമായിട്ടുണ്ട്. സംഭവത്തിൽ ടീം നേതൃത്വം പരാതി നൽകിയിട്ടുണ്ട്. ഇതിൽ അന്വേഷണം നടക്കുന്നതായി ടീം നേതൃത്വം അറിയിച്ചു.

കിറ്റ് ബാ​ഗുകളും മറ്റും വിവിധ സ്ഥലങ്ങളിലേക്ക് അയക്കാൻ ഒരു ലോജിസ്റ്റിക്സ് കമ്പനിയാണ് ടീം നിയോ​ഗിച്ചിരിക്കുന്നത്. അതേസമയം ഐപിഎല്ലിൽ ചരിത്രത്തിൽ തന്നെ ഇങ്ങനെയൊരു സംഭവം ഇതാദ്യമാണ്. അതിനാൽ തന്നെ എവിടെയാണ് പിഴവം സംഭവിച്ചതെന്ന് കണ്ടെത്താനുള്ള കഠിനശ്രമത്തിലാണ് ഡെൽഹി ടീം.