സച്ചിന്റെ ഉപദേശം അതായിരുന്നു; ആദ്യ വിക്കറ്റിന് ശേഷം അർജുൻ പറയുന്നു

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ മകൻ അർജുൻ തെണ്ടുൽക്കർ ഐപിഎല്ലിൽ ഇന്നലെ തന്റെ ആദ്യ വിക്കറ്റ് നേടി. സൺറൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തിന്റെ അവസാന ഓവറിൽ ഭുവനേശ്വർ കുമാറിന്റെ തന്റെ ക്യാപ്റ്റൻ രോഹിത് ശർമയുടെ കൈയ്യിലെത്തിച്ചാണ് മുംബൈ ഇന്ത്യൻസ് താരമായ അർജുൻ വിക്കറ്റ് അക്കൗണ്ട് തുറന്നത്.

മത്സരത്തിന്റെ അവസാന ഓവറിൽ സൺറൈസേഴ്സിന് ജയിക്കാൻ 20 റൺസ് വേണ്ടപ്പോഴാണ് രോഹിത് പന്ത് അർജുനെ ഏൽപ്പിച്ചത്. എന്നാൽ സമ്മർദം നിറഞ്ഞ ആ ഘട്ടത്തിൽ അഞ്ച് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും നേടി അർജുൻ മികവ് തെളിയിച്ചു. മത്സരശേഷം സംസാരിച്ച അർജുൻ തന്റെ പിതാവ് കൂടിയായ സച്ചിൻ നൽകിയ ഉപദേശത്തെക്കുറിച്ചും വിശദീകരിച്ചു.

ഞങ്ങൾ ക്രിക്കറ്റിനെക്കുറിച്ച് എപ്പോഴും സംസാരിക്കും, ഓരോ മത്സരത്തിനും മുമ്പ് നടപ്പാക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്യും, പരിശീലനം ചെയ്യുന്ന കാര്യത്തിൽ തന്നെ ഓരോ മത്സരത്തിലും ഉറച്ചുനിൽക്കുകയെന്നതാണ് അദ്ദേഹം എന്നോട് പറയുന്നത്, നല്ല ലൈനും ലെങ്തും കണ്ടെത്തുന്നതിലും ഒപ്പം പന്ത് റിലീസ് ചെയ്യുന്നതിലുമാണ് ഞാൻ ശ്രദ്ധിക്കുന്നത്, ഇതിനിടെ പന്ത് സ്വിങ് ചെയ്താൽ അത് ഒരു ബോണസാണ്, അത്രതന്നെ, അർജുൻ പറഞ്ഞു.