ലോണിൽ വിട്ട താരത്തെ തിരിച്ചെത്തിച്ചേക്കും; ബ്ലാസ്റ്റേഴ്സിന്റെ നീക്കമിങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സ്, ഫുൾബാക്ക് ദെനെചന്ദ്ര മീത്തെയെ തിരികെയെത്തിച്ചേക്കും. ഐഎസ്എൽ ക്ലബ് തന്നെയായ ഒഡിഷ എഫ്സിയിലേക്ക് ലോണിൽ പോയ താരം തിരിച്ചെത്താനുള്ള സാധ്യതയേറെയാണെന്നാണ് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്യുന്നത്.

29 കാരനായ ദെനെ ലെഫ്റ്റ് ബാക്കായാണ് കളിക്കുന്നത്. 2020 മുതൽ ബ്ലാസ്റ്റേഴ്സിന്റെ ഭാ​ഗമാണ് ഈ മണിപ്പൂരുകാരൻ. രണ്ട് സീസണുകളിൽ നിന്ന് ക്ലബിനായി പത്ത് മത്സരങ്ങളാണ് ദെനെ കളിച്ചത്. എന്നാൽ കഴിഞ്ഞ സീസണിൽ താരത്തെ ബ്ലാസ്റ്റേഴ്സ് ഒഡിഷയ്ക്ക് ലോണിൽ നൽകി. ഒഡിഷ പ്ലേ ഓഫിലേക്ക് മുന്നേറിയ സീസണിൽ എ‌ട്ട് മത്സരങ്ങൾ ദെനെ കളിച്ചു.

ക്യാപ്റ്റൻ ജെസ്സൽ കാർനെയ്റോ ബ്ലാസ്റ്റേഴ്സ് വിടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. നിഷു കുമാറും ക്ലബിൽ തുടരുന്ന കാര്യത്തിൽ സംശയമാണ്. ഈ സാഹചര്യത്തിൽ ലെഫ്റ്റ് ബാക്ക് പൊസിഷൻ ശക്തിപ്പെടുത്താനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി. ഇതോടെയാണ് ദെനെയെ തിരികെയെത്തിക്കുന്ന കാര്യം ക്ലബ് പരി​ഗണിക്കുന്നതെന്നാണ് സൂചന.