തകർപ്പൻ ഐപിഎൽ റെക്കോർഡുമായി റബാദ; മറികടന്നത് സാക്ഷാൽ മലിം​ഗയെ

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഒരു തകർപ്പൻ റെക്കോർഡ് സ്വന്തം പേരിലാക്കി പഞ്ചാബ് കിങ്സിന്റെ പേസർ കാ​ഗിസോ റബാദ. ഐപിഎല്ലിൽ മത്സരങ്ങളുടെ കണക്കിൽ ഏറ്റവും വേ​ഗത്തിൽ നൂറ് വിക്കറ്റ് നേടുന്ന താരമായാണ് റബാദ മാറിയത്. 64 ഐപിഎൽ മത്സരങ്ങളിൽ നിന്ന് നൂറ് വിക്കറ്റ് തികച്ചാണ് റബാദ റെക്കോർഡ് ബുക്കിൽ തന്റെ പേരെഴുതിച്ചേർത്തത്.

ഇന്നലെ നടന്ന മത്സരത്തിൽ ​ഗുജറാത്ത് ടൈറ്റൻസിന്റെ വൃദ്ധിമാൻ സാഹയെ പുറത്താക്കിയാണ് ദക്ഷിണാഫ്രിക്കൻ പേസറായ റബദ വിക്കറ്റിൽ സെഞ്ച്വറി തികച്ചത്. ഇതോടെ 70 മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റ് നേടിയ ശ്രീലങ്കയുടെ വിഖ്യാത താരം ലസിത് മലിം​ഗയുടെ റെക്കോർഡ് റബാദ മറികടന്നു. ഭുവനേശ്വർ കുമാറാണ് വേ​ഗത്തിൽ നൂറ് വിക്കറ്റ് നേടിയവരിൽ മൂന്നാമൻ. റാഷിദ് ഖാൻ, അമിത് മിശ്ര, ആശിഷ് നെഹ്റ, യുസ്വേന്ദ്ര ചഹൽ എന്നിവരും ആദ്യ അഞ്ചിൽ ഇടം പിടിച്ചിട്ടുണ്ട്.

2017-ൽ ഡെൽഹിയിലൂടെയാണ് റബാദ ഐപിഎല്ലിലെത്തുന്നത്. 2019. 2020 സീസണുകളിൽ ഡെൽഹി ക്യാപിറ്റൽസിനെ ഐപിഎൽ പ്ലേ ഓഫിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കാണ് റബാദ വഹിച്ചത്. തുടർന്ന് കഴിഞ്ഞ വർഷത്ത മെ​ഗാലേലത്തിൽ താരത്തെ പഞ്ചാബ് 9.25 കോടി രൂപ മുടക്കി സ്വന്തമാക്കുകയായിരുന്നു.