വമ്പൻ ക്രിക്കറ്റ് ലീ​ഗിന് പദ്ധതിയുമായി സൗദി; ഇന്ത്യൻ താരങ്ങളേയും പങ്കെടുപ്പിക്കാൻ നീക്കം

ലോകക്രിക്കറ്റിലെ ഏറ്റവും സമ്പന്നവും ജനകീയവുമായി ഫ്രാഞ്ചൈസി ലീ​ഗാണ് ഇന്ത്യൻ പ്രീമിയർ ലീ​ഗ്. എന്നാൽ ഐപിഎല്ലിനെ വെല്ലുന്ന തരത്തിലുള്ള ടി20 ലീ​ഗ് നടത്താൻ പദ്ധതി തയ്യാറാക്കുകയാണ് സൗദി അറേബ്യ. ദ ഏജിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീ​ഗാണ് സൗദിയുടെ ലക്ഷ്യത്തിലുള്ളത്.

സമീപകാലത്തായി കായികമേഖലയിൽ വലിയ നിക്ഷേപമാണ് സൗദി ഭരണകൂടം നടത്തുന്നത്. ഫുട്ബോളിലും ഫോർമുല വണ്ണിലുമെല്ലാം സൗദി ഇപ്പോൾ സജീവമായി ഇടപെടുന്നുണ്ട്. ഇതിനുപിന്നാലെയാണിപ്പോൾ ക്രിക്കറ്റിൽ വിപ്ലവമൊരുക്കാൻ സൗദിയുടെ നീക്കം. ഈ ലക്ഷ്യം മുന്നിൽ വച്ച് ഐപിഎൽ നേതൃത്വത്തെ സൗദി സമീപിച്ചതായാണ് ഓസ്ട്രേലിയൻ പത്രമായ ഏജ് റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ ഐപിഎല്ലിന്റെ സ്പോർസൺമാരിലൊരാളായി സൗദി ടൂറസം അതോറിറ്റിയെത്തിയിരുന്നു.

അതേസമയം തന്നെ തങ്ങളുടെ ടി20 ലീ​ഗിൽ ഇന്ത്യൻ താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും സൗദി ആ​ഗ്രഹിക്കുന്നുണ്ട്. നിലവിലെ ബിസിസിഐ നിയമങ്ങൾ പ്രകാരം ഇന്ത്യൻ താരങ്ങൾക്ക് വി​ദേശലീ​ഗുകളിൽ കളിക്കാനാകില്ല. എന്നാൽ സൗദി അറേബ്യയുടെ വമ്പൻ നീക്കം ബിസിസിഐയുടെ നിയമങ്ങളിൽ ഇളവ് വരുത്താൻ കാരണമാകുമോയെന്നത് കാത്തിരുന്ന് കാണണം.