ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഹൈദരബാദ് എഫ്സിയിൽ നിന്ന് വൻ കൊഴിഞ്ഞുപോക്കിന് സാധ്യത തെളിയുന്നു. പുറത്തുവരുന്ന സൂചനകൾ പ്രകരം ഒരുപിടി താരങ്ങൾ അടുത്ത സീസണിൽ ക്ലബിന്റെ ഭാഗമായിരിക്കില്ല. പരിശീലകൻ മനോലോ മാർക്വെസും അടുത്ത സീസണിൽ ക്ലബിലുണ്ടാകില്ല.
ഹൈദരബാദിന്റെ പ്രധാനതാരങ്ങളായ ആകാശ് മിശ്ര, മുഹമ്മദ് യാസിർ എന്നിവർ അടുത്ത സീസണിൽ ക്ലബിലുണ്ടാകാനിടയില്ല എന്നാണ് ജേണലിസ്റ്റ് ആശിഷ് നേഗി തന്റെ യൂടൂബ് ചാനലിൽ പറഞ്ഞത്. ലെഫ്റ്റ് ബാക്കായ ആകാശ് കഴിഞ്ഞ കുറച്ച് സീസണുകളായി ഹൈദരബാദിന്റെ മുന്നേറ്റത്തിൽ നിർണായക റോളാണ് വഹിക്കുന്നത്. ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യം കൂടിയായ ആകാശിനെ മറ്റ് ക്ലബുകളും പലവട്ടം നോട്ടമിട്ടിട്ടുണ്ട്.
ഇക്കുറി ആകാശിനെ ലക്ഷ്യംവച്ച് മുന്നിലുള്ളത് എടികെ മോഹൻ ബഗാനാണ്. ഹൈദരബാദിന്റെ റൈറ്റ് ബാക്ക് ആയിരുന്ന ആശിഷ് റായിയെ കഴിഞ്ഞ വർഷം തന്നെ ബഗാൻ ഒപ്പം കൂട്ടിയിരുന്നു. ഇപ്പോൾ ആകാശിനെ കൂടിയെത്തിച്ച് മികവ് തെളിയിച്ച ഫുൾബാക്ക് ജോഡിയെ വീണ്ടും ഒന്നിപ്പിക്കാനാണ് ബഗാന്റെ നീക്കം. അതേസമയം ആകാശിന്റെ ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ ഇതുവരെ ഇരുക്ലബുകളും തമ്മിൽ ധാരണയിലെത്തിയിട്ടില്ല. ആകാശിനെ കൊണ്ടുവരാനായാൽ പ്രീതം കോട്ടാൽ, സുഭാശിഷ് ബോസ് എന്നിവരെ വിൽക്കാൻ ബഗാൻ തയ്യാറായേക്കും.
നാല് സീസണായി ഹൈദരബാദിന്റെ ഭാഗമാണ് യാസിർ. കഴിഞ്ഞ സീസണിൽ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത യാസിറും ക്ലബ് വിടുമെന്നാണ് സൂചന. ബഗാൻ തന്നെയാണ് യാസിറിന് വേണ്ടിയും രംഗത്തുള്ളത്. എന്നാൽ മുംബൈ സിറ്റിയും ഒരു ദക്ഷിണേന്ത്യൻ ക്ലബും യാസിറിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.