ബ്രസീലിന് എന്നെ വേണം; ഒടുവിൽ മൗനം വെടിഞ്ഞ് ആഞ്ചലോട്ടി

ബ്രസീലിന്റെ ദേശീയ ടീം പരിശീലകസ്ഥാനത്തേക്ക് കാർലോ ആഞ്ചലോട്ടി വരുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമാണ്. നേരത്തെ എഡ‍േഴ്സൻ അടക്കം ചില ബ്രസീൽ താരങ്ങൾ തന്നെ ഇങ്ങനെയൊരു സാധ്യത പരസ്യമായി പറഞ്ഞിരുന്നു. ആഞ്ചലോട്ടിയെ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നതായി ബ്രസീൽ ഫുട്ബോൾ അധികൃതരും സ്ഥിരീകരിച്ചിരുന്നു.

വാർത്തകൾ സജീവമായി നിൽക്കുമ്പോഴും ബ്രസീലിന്റെ നീക്കങ്ങളെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു ആഞ്ചലോട്ടി. എന്നാൽ ഇന്നലെ റയൽ മഡ്രിഡിന്റെ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ആഞ്ചലോട്ടിക്ക് ഇക്കാര്യത്തിൽ ചില തുറന്നുപറച്ചിലുകൾ നടത്തി.

ബ്രസീൽ ദേശീയ ടീമിന് എന്നെ വേണം എന്നതാണ് യാഥാർഥ്യം, ഈ താൽപര്യം എന്നെ സന്തോഷിപ്പിക്കുന്നു, ഞാനതിൽ ആവേശഭരിതനുമാണ്, പക്ഷെ ഞാനിപ്പോൾ റയലുമായി കരാറിലാണ്, ഈ കരാർ ഞാൻ ബഹുമാനിക്കേണ്ടതാണ്, ആഞ്ചലോട്ടി പറഞ്ഞു. റയൽ മഡ്രിഡിനെ തനിക്ക് ഇഷ്ടമാണെന്നും അതിനാൽ തന്നെ കരാർ പൂർത്തിയാക്കാനാണ് ആ​ഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.