ബാഴ്സയ്ക്കും ബയേണിനും കിടിലൻ ജയം; ചെൽസി തോറ്റു

സ്പെയിനിലെ ലാ ലി​ഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. എൽഷെയെ എതിരില്ലാത്ത നാല് ​ഗോളിനാണ് കാറ്റലോണിയൻ കരുത്തർ തകർത്തെറിഞ്ഞത്. എൽഷെയുടെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സയ്ക്കായി ഇരട്ട​ഗോൾ നേടി. അൻസു ഫാറ്റി, ഫെറാൻ ടോറസ് എന്നിവരാണ് മറ്റ് ​ഗോളുകൾ നേടിയത്.

ജർമനിയിലെ ബുന്ദസ്‌ലി​ഗയിലേക്കുള്ള തിരിച്ചുവരവിൽ കിടിലൻ ജയവുമായി തോമസ് ടുഷേൽ. ബയേൺ മ്യൂണിച്ചിന്റെ പരിശീലകനായി ചുമതലയേറ്റ ടുഷേൽ, തന്റെ തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ മുൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ വൻജയമാണ് നേടിയത്. സ്വന്തം തട്ടകത്തിൽ രണ്ടിനെതിരെ നാല് ​ഗോളുകൾക്കാണ് ബയേൺ വിജയിച്ചത്. ബയേണിനായി തോമസ് മുള്ളർ രണ്ട് ​ഗോൾ നേടി. കിങ്സ്ലി കോമാൻ ഒരു ​ഗോൾ നേടിയപ്പോൾ ഡോർട്ട്മുണ്ട് ​ഗോളി ​ഗ്രി​ഗർ കോബെലിന്റെ സംഭാവനയായിരുന്നു മറ്റൊരു ​ഗോൾ. ഡോർട്ട്മുണ്ടിനായി എമ്റെ ചാൻ, ഡോണിയെൽ മാലൻ എന്നിവർ ​ഗോളുകൾ നേടി.

ഇറ്റലിയിലെ സെരി എയിൽ യുവന്റസ് എതിരില്ലാത്ത ഒരു ​ഗോളിന് വെറോണയെ തോൽപ്പിച്ചു. മോയിസ് കീനാണ് യുവന്റസിന്റെ വിജയ​ഗോൾ നേടിയത്. അതേസമയം ഇന്റർ മിലാനെ ഫിയോറെന്റിനെ എതിരില്ലാത്ത ഒരു ​ഗോളിന് വീഴ്ത്തി. ജിയാകോമോ ബോണോവെഞ്ചൂറയാണ് വിജയ​ഗോൾ നേടിയത്.

ഇം​ഗ്ലണ്ടിൽ ചെൽസിയുടെ സ്ഥിരതയില്ലാത്ത പ്രകടനം തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ല ചെൽസിയെ വീഴ്ത്തി. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എതിരില്ലാത്ത രണ്ട് ​ഗോളിന്റെ ജയമാണ് വില്ല നേടിയത്. ഒല്ലി വാറ്റകിൻസ്, ജോൺ മ​ഗ്​ഗിൻ എന്നിവരാണ് വില്ലയുടെ ​ഗോളുകൾ നേടിയത്.