രാജസ്ഥാനും മുംബൈയും ഇല്ല! ടോപ് ഫോറിനെ തിരഞ്ഞെടുത്ത് സ്മിത്ത്- അറിയാം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് നാളെ തുടക്കമാവുകയാണ്. ആവേശ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി നേരിടാന്‍ പോവുകയാണ്. രണ്ട് ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ തീപാറും പോരാട്ടമുറപ്പ്. ഇത്തവണയും 10 ടീമുകളും ഉള്‍പ്പെടുന്ന ടൂര്‍ണമെന്റാണ് സംഘടിപ്പിക്കപ്പെടുന്നത്.

കൂടാതെ ഹോം ഗ്രൗണ്ട് തരത്തിലേക്കും മത്സരമെത്തുന്നതോടെ വാശി ഇരട്ടിക്കും.ഇത്തവണ ആരൊക്കെയാവും പ്ലേ ഓഫിലെത്തുകയെന്ന ചര്‍ച്ചകള്‍ സജീവമാണ്. മുംബൈ ഇന്ത്യന്‍സ് അവസാന സീസണിലെ അവസാന സ്ഥാനക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒമ്പതാം സ്ഥാനക്കാരുമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ഇരുകൂട്ടര്‍ക്കും ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്.

ഇത്തവണ 10 ടീമുകളും ഒന്നിനൊന്ന് മെച്ചമായതിനാല്‍ പ്ലേ ഓഫ് പോരാട്ടം അതിശക്തമായിരിക്കുമെന്ന് തന്നെ പറയാം. ഇപ്പോഴിതാ തന്റെ ടോപ് ഫോറിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്. സ്മിത്ത് നേരത്തെ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെയും അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെയുമെല്ലാം തഴഞ്ഞുകൊണ്ടാണ് സ്മിത്ത് ടോപ് ഫോറിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്, കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരെയാണ് സ്മിത്ത് ടോപ് ഫോറില്‍ ഉള്‍പ്പെടുത്തിയത്. സ്മിത്തിന്റെ തിരഞ്ഞെടുപ്പ് അല്‍പ്പം കൗതുകം സൃഷ്ടിക്കുന്നതാണെന്ന് പറയാം. മുംബൈ ഇന്ത്യന്‍സ് ഇത്തവണ സജീവ പ്ലേ ഓഫ് പ്രതീക്ഷയുള്ള ടീമാണ്.