ബുള്ളറ്റ് ഫ്രീകിക്കുമായി ക്രിസ്‌റ്റ്യാനോ; പോർച്ചുഗലിന് തകർപ്പൻ ജയം

ക്രിസ്‌റ്റ്യാനോയുടെ മടങ്ങി വരവിൽ യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ലിച്ചൻസ്‌റ്റൈനെതിരെ പോർച്ചുഗലിന് തകർപ്പൻ ജയം. ഗ്രൂപ്പ് ജെയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു അവരുടെ ജയം. ഒരു പെനാൽറ്റി അടക്കം ക്രിസ്‌റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകളുമായി നിറഞ്ഞാടിയ മത്സരത്തിൽ ആധികാരകമായിരുന്നു പറങ്കിപടയുടെ ജയം.

ഈ മത്സരത്തോടെ അന്താരാഷ്‌ട്ര ഫുട്‍ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ക്രിസ്‌റ്റ്യാനോയുടെ പേരിലായി. 197 മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചത്. അതേസമയം, ക്രിസ്‌റ്റ്യാനോയ്ക്ക് പുറമെ ജോ കാൻസലോ, ബെർണാഡോ സിൽവ എന്നിവരാണ് പോർച്ചുഗലിൻ്റെ മറ്റ് ഗോൾ സ്കോറർമാർ. ജയത്തോടെ പുതിയ പരിശീലകൻ റോബർട്ടോ മാർട്ടിനസിന് ടീമിനൊപ്പം ജയത്തോടെ തുടങ്ങാൻ കഴിഞ്ഞു.

മത്സരത്തിൽ ക്രിസ്‌റ്റ്യാനോയുടെ ബുള്ളറ്റ് ഫ്രീ കിക്ക് ആണ് എടുത്ത് പറയേണ്ട വസ്‌തുത. 51ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ തന്റെ ആദ്യ ഗോൾ നേടിയ താരം പതിനഞ്ച് മിനിറ്റുകൾക്ക് ശേഷമാണ് തന്റെ പ്രതാപ കാലത്തെ അനുസ്‌മരിപ്പിക്കുന്ന ഫ്രീകിക്ക് ഗോൾ സ്വന്തമാക്കിയത്. രാജ്യത്തിന് വേണ്ടിയുള്ള ക്രിസ്‌റ്റ്യാനോയുടെ 120ആം ഗോളായിരുന്നു ഇത്.