വിരമിക്കൽ പ്രഖ്യാപിച്ച് ജർമൻ താരം മെസ്യൂട്ട് ഓസിൽ

ജർമൻ താരം മെസ്യൂട്ട് ഒസീൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. സമൂഹമാധ്യമം വഴിയാണ് ഒസീൽ വിരമിക്കൽ തീരുമാനം അറിയിച്ചത്. 17 വർഷം നീണ്ട കരിയറിനാണ് 34കാരനായ ഒസീൽ വിരാമമിട്ടത്.

ലോകത്തെ മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡർമാരിൽ ഒരാളായ ഒസീൽ 23 രാജ്യാന്തര ഗോളുകൾ നേടിയിട്ടുണ്ട്. 2009ൽ അരങ്ങേറിയ ഒസീൽ 2014ലെ ലോകകപ്പ് വിജയിച്ച ടീമംഗമാണ്.

ഷാല്‍ക്കെ, വെര്‍ഡര്‍ ബ്രെമന്‍, റയല്‍ മഡ്രിഡ്, ആഴ്‌സനല്‍, ഫെനെര്‍ബാഷെ എന്നീ ക്ലബുകൾക്ക് വേണ്ടിയും ഒസീൽ കളിച്ചു. തുടർച്ചയായി അലട്ടുന്ന പരുക്കിനെ തുടർന്നാണ് വിരമിക്കൽ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് ഓസിൽ അറിയിച്ചിരിക്കുന്നത്.

17 വർഷം പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായിരിക്കാനുള്ള അവസരം ലഭിച്ചതിൽ നന്ദിയുള്ളവനാണെന്ന് ഓസിൽ വിടവാങ്ങൽ കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്നു പരിക്ക് ഫുട്ബോളിന്റെ വലിയ മൈതാനം വിടാനുള്ള സൂചനയാണ് നൽകുന്നതെന്നും അദ്ദേഹം കുറിച്ചു.

ജർമനിയുടെ ഹോംടൗൺ ക്ലബ്ബായ ഷാൽക്കെയിലൂടെയാണ് ഓസിലിന്റെ ഫുട്ബോൾ കരിയറിന് തുടക്കമാകുന്നത്. ഇവിടെ നിന്നും വെർഡർ ബ്രെമനിൽ എത്തിയ താരം മികച്ച പ്രകടനത്തിലൂടെ ജർമൻ ദേശീയ ടീമിൽ ഇടംനേടി.

2010 ലോകകപ്പിലെ മിന്നുന്ന പ്രകടനമാണ് മാഡ്രിഡിലേക്കുള്ള വഴി തുറക്കുന്നത്. പിന്നീട് ആഴ്സനലുമായി എട്ട് വർഷത്തെ ബന്ധം. ആഴ്‌സനലുമായുള്ള ബന്ധം തകർന്നതിനെ തു‌ടർന്ന് 2021 ലാണ് ഓസിൽ ടർക്കിഷ് ക്ലബ്ബായ ഫെനർബാഷെയിലേക്ക് മാറുന്നത്.