കംഗാരുക്കളെ മെരുക്കി ഇന്ത്യ; ആദ്യ ഏകദിനത്തിൽ 5 വിക്കറ്റ് ജയം

ടെസ്‌റ്റ് പരമ്പരയിലെ വിജയത്തിന് ശേഷം പരിമിത ഓവറിലും ഓസീസിന് മേൽ ആധിപത്യം പുലർത്തി ഇന്ത്യ. ഒന്നാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിന് ഇന്ത്യ ഓസീസിനെ തകർത്തു. വിമർശനങ്ങളെ കാറ്റിൽ പറത്തി വാങ്കഡെയിലെ വരണ്ട പിച്ചിൽ അർധ സെഞ്ചുറി തിളക്കവുമായി കെഎൽ രാഹുലാണ്‌ ഇന്ത്യയെ വിജയ തീരത്തേക്ക് അടുപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഓസ്ട്രേലിയയെ 188 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യയ്ക്ക് പക്ഷേ കാര്യങ്ങൾ എളുപ്പമായിരുന്നില്ല.

തുടക്കത്തിലെ വിക്കറ്റുകൾ നഷ്‌ടമായ ഇന്ത്യ 39.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് ജയം സ്വന്തമാക്കിയത്. രാഹുലിനൊപ്പം ഉറച്ചുനിന്ന രവീന്ദ്ര ജഡേജയുടെ പ്രകടനവും ഇന്ത്യൻ ജയത്തിൽ നിർണായകമായി. ഒരു ഘട്ടത്തിൽ 39 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്‌ടമായ ഇന്ത്യ തോൽവി മുന്നിൽ കണ്ടിരുന്നു. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന ജഡേജ-രാഹുൽ സഖ്യം ഇന്ത്യയെ കരകയറ്റി.

91 പന്തുകള്‍ നേരിട്ട് ഏഴ് ഫോറും ഒരു സിക്‌സും ഉൾപ്പെടെ 75 റണ്‍സാണ് രാഹുൽ നേടിയത്. ജഡേജയാവട്ടെ 69 പന്തിൽ 45 റൺസും നേടി. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 108 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്‌റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ തുടക്കത്തിലെ ആവേശത്തിന് ശേഷം ഓസീസ് 188 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി പേസർമാരായ മുഹമ്മദ് ഷമി, സിറാജ് കൂട്ടുകെട്ട് മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. രണ്ട് വിക്കറ്റുമായി ഏകദിനത്തിലേക്കുള്ള തിരിച്ചുവരവ് ജഡേജയും ഗംഭീരമാക്കിയതോടെ ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.

ഓസീസിന് വേണ്ടി ഓപ്പണർ മിച്ചൽ മാർഷ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്നിംഗ്‌സിന്റെ ആദ്യ ഘട്ടത്തിൽ മാർഷിന്റെ കരുത്തിൽ ഓസീസ് സ്‌കോർ ബോർഡ് വേഗത്തിൽ ചലിച്ചെങ്കിലും പിന്നീട് വന്നവർക്ക് ഈ മൊമന്റം നിലനിർത്താൻ കഴിഞ്ഞില്ല. മാർഷ് 65 പന്തിൽ 10 ഫോറും, അഞ്ച് സിക്‌സറും സഹിതം 88 റൺസ് നേടി. ഓസ്‌ട്രേലിയൻ നിരയിൽ ആകെ അഞ്ച് താരങ്ങൾക്ക് മാത്രമേ രണ്ടക്കം കടക്കാൻ കഴിഞ്ഞുള്ളൂ.

ക്യാപ്റ്റൻ സ്‌റ്റീവ്‌ സ്‌മിത്ത്‌ 30 പന്തിൽ 22 റൺസ് നേടിയപ്പോൾ ജോഷ് ഇന്ഗ്ലിസ് 26 റൺസ് നേടി. ടെസ്‌റ്റിലെ താരമായ ലബുഷെയ്ൻ 15 റൺസ് മാത്രമാണ് നേടിയത്. മധ്യ നിരയിലും വാലറ്റത്തിലും ആരും പോരാടാൻ തുനിയാതെ വന്നത് ഓസീസിന് തിരിച്ചടിയായി. ടീമിലേക്ക് മടങ്ങി വന്ന ഗ്ലെൻ മാക്‌സ്‌വെൽ 8 റൺസ് മാത്രമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ഹർദിക് പാണ്ഡ്യയും, കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.