പന്ത് തിളങ്ങാൻ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ. 2020ൽ, കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലായിരുന്നു കൗൺസിൽ ഈ തീരുമാനം എടുത്തത്.
പന്തിൽ ഉമിനീർ ഉപയോഗിച്ചാൽ എതിർ ടീമിന് അഞ്ച് റൺസ് നൽകുമെന്ന നിയമവും ഐസിസി കൊണ്ടുവന്നിരുന്നു. നേരത്തെ കഴിഞ്ഞ വർഷം നവംബർ 22ന്, യുഎഇയുടെ അലിഷാൻ ഷഫറു പന്ത് തിളങ്ങാൻ ഉമിനീർ ഉപയോഗിച്ചതിനെത്തുടർന്ന് എതിർടീമായ നേപ്പാളിന് അഞ്ച് പെനാൽറ്റി റൺസ് ലഭിക്കുകയും ചെയ്‌തിരുന്നു.
എന്നാൽ 2013ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച 49കാരനായ സച്ചിൻ ഇത് തിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടു. “ഞാൻ ഒരു മെഡിക്കൽ വിദഗ്‌ധനല്ല, പക്ഷേ പന്തിലെ ഉമിനീർ തിരിച്ചെത്തണം. 100 വർഷത്തിലേറെയായി ഇത് ചെയ്യുന്നു,ഇതുവരെ ഗുരുതരമായ ഒന്നും സംഭവിച്ചിട്ടില്ല. ശരിയാണ് ഈ തീരുമാനം 2020ൽ എടുത്തതാണ്. പക്ഷേ ഇപ്പോൾ അതിനെ നാം പിന്നിലാക്കി. അതിനാൽ വിഷയം പരിഗണിക്കണം” ഇന്ത്യാ ടുഡേ കോൺക്ലേവിന്റെ ഇരുപതാം പതിപ്പിൽ സച്ചിൻ പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറികൾ നേടിയ ലോകത്തിലെ ഏക ബാറ്ററായ സച്ചിൻ, ക്രിക്കറ്റിൽ പന്ത് തിളങ്ങാൻ വിയർപ്പും ഉമിനീരും ഉപയോഗിക്കുന്നതിലെ വ്യത്യാസത്തെക്കുറിച്ച് സംസാരിച്ചു. “അത് വൃത്തിഹീനമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ആൺകുട്ടികൾ അവരുടെ കക്ഷത്തിനടിയിൽ പന്ത് ഇടുന്നത് ഞാൻ കണ്ടിട്ടുണ്ട്. പന്ത് പുതിയതായിരിക്കുമ്പോൾ ഉമിനീർ പ്രധാനമാണ്. ഉമിനീരിന്റെ ഘടന നിങ്ങളുടെ വിയർപ്പിൽ നിന്ന് അൽപം വ്യത്യസ്‌തമാണ്. ഇത് ഒരു വശം ഭാരമുള്ളതാക്കുന്നു, മറുവശം ഭാരം കുറഞ്ഞിരിക്കും…ഭാരത്തിന്റെ ഈ അസന്തുലിതാവസ്ഥ പന്ത് സ്വിംഗ് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഉമിനീരിന് വിലക്ക് വന്നപ്പോൾ, പന്ത് തിളങ്ങാൻ കൃത്രിമ മെഴുക് പോലുള്ള പദാർത്ഥം ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു.