ചെസ്സ് ഒളിംപ്യാഡിൽ ഇന്ത്യയുടെ മിന്നും പ്രകടനം

മഹാബലിപുരം: ‘ചെസ്സ്ബോർഡിലെ തീപ്പൊരി’ എന്നറിയപ്പെടുന്ന സ്പാനിഷ് സൂപ്പർതാരം അലക്സി ഷിറോവിനെതിരെ ഇന്ത്യൻ പ്രതിഭ ഡി. ഗുകേഷിന്‍റെ മികച്ച പ്രകടനം. ഈ പ്രകടനമാണ് ഇന്ത്യൻ ബി ടീമിന് തുടർച്ചയായ അഞ്ചാം ജയം നേടാൻ സഹായകമായത്. ലോക ചെസ്സ് ഒളിമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ 10 പോയിന്‍റുമായി ഇന്ത്യ ബി ടീമും അർമേനിയയും മാത്രമാണ് മുന്നിലുള്ളത്. തുടർച്ചയായ അഞ്ചാം ജയത്തോടെ ഇന്ത്യൻ വനിതാ ‘എ’ ടീമും 10 പോയിന്‍റുമായി മുന്നിലാണ്. യഥാക്രമം ഇന്ത്യ എ, ബി ടീമുകൾക്കായി കളിച്ച മലയാളി താരങ്ങളായ എസ്എൽ നാരായണനും നിഹാൽ സരിനും എതിരാളികൾക്കൊപ്പം സമനിലയിൽ പിരിഞ്ഞു.

നാലാം സീഡായ സ്പെയിനിനെതിരായ മത്സരത്തിലാണ് ഇന്ത്യൻ ബി ടീം വിജയിച്ചത്. ഇന്ത്യക്കായി ഡി.ഗുകേഷും ബി.അധിബനും വിജയം കണ്ടു. നിഹാൽ സരിൻ സമനില നേടിയപ്പോൾ ആർ. പ്രഗ്നാനന്ദ പരാജയപ്പെട്ടു.