ഹൈദരാബാദ്: കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ച ആന്ധ്രാ – തെലങ്കാന സംസ്ഥാനങ്ങളിൽ വിവിധ ജില്ലകളിൽ ഇന്നും റെഡ് അലേർട്ട് തുടരും. തെലങ്കാനയിലെ 11 ജില്ലകളിലും ആന്ധ്രയിലെ രണ്ട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
തെലങ്കാനയിൽ അദിലാബാദ്, കാമറെഡ്ഡി, ആസിഫാബാദ്, മേദക്, മേഡ്ചൽ – മൽകാജിഗിരി, നിസാമാബാദ്,, സംഗറെഡ്ഡി, സിദ്ദിപേട്ട് എന്നിവിടങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്രയിൽ കൃഷ്ണ, വിജയവാഡ എന്നിവിടങ്ങളിൽ റെഡ് അലേർട്ട് തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിചിരിക്കുകയാണ്. 40,000 പേരോളം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.
പ്രളയത്തിൽ താറുമാറായ റെയിൽ – റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. മഴക്കെടുതിയിൽ ഇതുവരെ 31 പേർക്കാണ് ജീവൻ നഷ്ടമായത്. ഇരു സംസ്ഥാനങ്ങളിലുമായി വൻ കൃഷിനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എൻഡിആർഎഫും സംസ്ഥാന ദുരന്തനിവാരണസേനയും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.