ഓണത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ് : കേരളത്തിന് 4,200 കോടി


തിരുവനന്തപുരം: ഓണക്കാലത്തെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി. 4,200 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതോടെയാണ് ഓണക്കാല ആവശ്യങ്ങൾക്ക് കേരളത്തിന് പണം ലഭ്യമാകുന്നത്. ഓണച്ചെലവുകൾക്കായി പണം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം പരി​ഗണിച്ചാണ് അടിയന്തരമായി 4,200 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകിയത്.കേരളത്തിന് ഊ വർഷം ആകെ 37,512 കോടി രൂപയാണു കടമെടുക്കാൻ കേന്ദ്രം അനുവദിച്ചിരുന്നത്. ഇതിൽ ഡിസംബർ‌ വരെ 21,253 കോടി രൂപയും ശേഷിക്കുന്ന തുക ജനുവരി മുതൽ മാർച്ച് വരെയും എടുക്കാനായിരുന്നു അനുമതി. കഴിഞ്ഞ ചൊവ്വാഴ്ചയോടെ 21,253 കോടി രൂപയും സംസ്ഥാന സർക്കാരിനു കടമെടുത്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

ജനുവരി– മാർച്ച് കാലയളവിലേക്കു കടമെടുക്കാനായി മാറ്റിവച്ചിരിക്കുന്ന തുകയിൽ നിന്ന് 5,000 കോടി രൂപ മുൻകൂർ വായ്പയെടുക്കാനാണു കേന്ദ്രത്തിന്റെ അനുമതി കേരളം തേടിയത്. തൽക്കാലം 4,200 കോടി രൂപ കടമെടുക്കാൻ അനുമതി നൽകുകയായിരുന്നു. ഈ മാസം 10ന് ഇതിൽ നിന്ന് ആവശ്യമായ തുക വായ്പയെടുത്ത് ഓണച്ചെലവുകൾക്കായി പണം കണ്ടെത്തും.

ശമ്പളവും പെൻഷനും ബോണസും ഉത്സവബത്തയും ക്ഷേമ പെൻഷനും അടക്കം ഓണത്തിന് 20,000 കോടിയോളം രൂപയുടെ ചെലവാണു സർക്കാർ പ്രതീക്ഷിക്കുന്നത്. നികുതി അടക്കമുള്ള മറ്റു വരുമാനങ്ങളിൽ നിന്നാണു ബാക്കി തുക കണ്ടെത്തുക.കഴിഞ്ഞ വർഷത്തെപ്പോലെ ഇക്കുറിയും ബോണസും ഉത്സവബത്തയും അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാനാണ് ഇതുവരെയുള്ള ധാരണ. സഹകരണ ബാങ്കിൽ നിന്ന് 1,000 കോടി രൂപ വായ്പയെടുത്ത് ഒന്നോ രണ്ടോ മാസത്തെ ക്ഷേമ പെൻഷൻ കുടിശിക നൽകും.

അതേസമയം, വയനാട് ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിനായി സംസ്ഥാനത്തെ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് പ്രഖ്യാപിച്ച സാലറി ചലഞ്ച് ഫലം കണ്ടില്ല എന്നാണ് വിലയിരുത്തൽ. സാലറി ചാലഞ്ച് വഴി 500 കോടി രൂപ ലഭിക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ, ഈ ഇനത്തിൽ 200 കോടി രൂപ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അനൗദ്യോഗിക കണക്ക്. അതേസമയം, പൊതുജനങ്ങളിൽ നിന്നും പ്രമുഖരിൽ നിന്നും 317 കോ‍ടി ലഭിച്ചു