പുലര്‍ച്ചെ 3 മുതല്‍ രാവിലെ 10വരെ മകളുടെ ഫോണിലേക്ക് കോളുകള്‍ വരാത്തതും കാണാതായിട്ട് അന്വേഷിക്കാത്തതിലും ദുരൂഹത
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ യുവ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നെന്ന് കുടുംബം സിബിഐക്ക് മൊഴി നല്‍കി. സംഭവത്തില്‍ ആശുപത്രി ജീവനക്കാരെയും സഹപാഠികളെയും സംശയമുള്ളതായി വനിതാ ഡോക്ടറുടെ പിതാവ് പറയുന്നു. ആശുപത്രിയിലെ നിരവധി ഇന്റേണുകളും ഫിസിഷ്യന്‍മാരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പിതാവിന്റെ മൊഴി.
Read Also: ഡോക്ടറെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം:ഡോക്ടര്‍മാര്‍ രാജ്യവ്യാപക സമരത്തില്‍,കേരളത്തിലും പണിമുടക്ക്
പുലര്‍ച്ചെ 3 മുതല്‍ രാവിലെ 10 മണി വരെ മകളുടെ ഫോണിലേക്ക് ഒരു ഫോണ്‍ കോള്‍ പോലും വന്നില്ല. ഡ്യൂട്ടിയിലുള്ള ഡോക്ടറെ ഏഴ് മണിക്കൂര്‍ ആരും വിളിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും വനിതാ ഡോക്ടറുടെ പിതാവ് മൊഴി നല്‍കി. കൂടുതല്‍ ജീവനക്കാരെ സിബിഐ ഇന്ന് ചോദ്യം ചെയ്‌തേക്കും. ആശുപത്രി തല്ലിത്തകര്‍ത്ത കേസിലും അന്വേഷണം തുടരുകയാണ്.
അതേസമയം, സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. കൊലപാതകം നടന്ന കൊല്‍ക്കത്ത ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളജിലും ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി. സമീപത്തെ ആശുപത്രികളിലെ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇന്ന് സമരത്തിനു പിന്തുണയുമായി എത്തും. കേസില്‍ സമഗ്രമായ അന്വേഷണവും ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് നിയമനിര്‍മാണവും വേണമെന്നാണ് ആവശ്യം. ഒപി ബഹിഷ്‌കരിച്ച് 24 മണിക്കൂര്‍ സമരവുമായാണ് ഐഎംഎ രംഗത്തുള്ളത്.
കസ്റ്റഡിയിലുള്ള പ്രതി സഞ്ജയ് റോയിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനു പിന്നാലെ കൂടുതല്‍ സഹപാഠികളെയും ആശുപത്രി ജീവനക്കാരെയും സിബിഐ ചോദ്യം ചെയ്‌തേക്കും. മരണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം സ്വീകരിക്കാന്‍ വനിതാ ഡോക്ടറുടെ പിതാവ് നേരത്തെ വിസമ്മതിച്ചിരുന്നു. അധികാരികളില്‍ നിന്ന് തനിക്കു വേണ്ടത് നീതി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ”എന്റെ മകളുടെ മരണത്തിനു നഷ്ടപരിഹാരമായി പണം സ്വീകരിച്ചാല്‍ അത് മകളെ വേദനിപ്പിക്കും. എനിക്ക് നീതിയാണ് വേണ്ടത്” – അദ്ദേഹം പറഞ്ഞു.