സബര്‍മതി എക്സ്പ്രസിന്റെ കോച്ചുകള്‍ പാളംതെറ്റി: അട്ടിമറിയെന്ന് സംശയം


കാന്‍പുര്‍: വാരാണസിയില്‍ നിന്ന് ഗുജറാത്തിലെ സബര്‍മതിയിലേക്ക് പോയ സബര്‍മതി എക്‌സ്പ്രസിന്റെ (19168) 22 കോച്ചുകള്‍ പാളംതെറ്റി.ഉത്തര്‍പ്രദേശിലെ കാന്‍പുരിലാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അപകടമുണ്ടായത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.

റെയില്‍പാളത്തിലുണ്ടായിരുന്ന പാറക്കല്ലില്‍ എന്‍ജിന്‍ തട്ടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത് എന്നാണ് പുറത്തുവരുന്ന വിവരം.

കാന്‍പുര്‍ സ്റ്റേഷന്‍ വിട്ടശേഷം ഭിംസെനിലെത്തിയപ്പോഴായിരുന്നു സംഭവം. അപകടം നടന്ന ഉടന്‍ പോലീസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി യാത്രക്കാരെ ട്രെയിനില്‍നിന്ന് സുരക്ഷിതമായി പുറത്തിറക്കി. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.

ഇടിച്ചതിന്റെ അടയാളങ്ങള്‍ എന്‍ജിനില്‍ ഉണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തെളിവുകള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്റലിജന്‍സ് ബ്യൂറോയും യു.പി. പോലീസും അന്വേഷണം ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.