പ്രകൃതിദുരന്തങ്ങള്‍ക്കെതിരായ ഇന്ത്യന്‍ പ്രതിരോധം, കരുത്താകാന്‍ ഇഒഎസ്-08 സാറ്റ്ലൈറ്റ്


ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ എസ്എസ്എല്‍വി-ഡി3 വിക്ഷേപണ വാഹനം ഉപയോഗിച്ച് ഇഒഎസ്-08 (EOS-08) സാറ്റ്ലൈറ്റ് വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയായിരുന്നു രാജ്യം കാത്തിരുന്ന വിക്ഷേപണം. ഇന്ത്യയുടെ ഭൗമനിരീക്ഷണത്തിന് ഉപകരിക്കുന്ന ഇഒഎസ്-08 സാറ്റ്ലൈറ്റിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ് എന്ന് നോക്കാം. പ്രകൃതിദുരന്തങ്ങളുടെ കാലത്ത് ഇന്ത്യക്ക് കരുത്തും പ്രതിരോധവുമാകാന്‍ ഇഒഎസ്-08 സാറ്റ്ലൈറ്റിന് കഴിയുമെന്നാണ് പ്രതീക്ഷ.

175.5 കിലോഗ്രാമാണ് ഇഒഎസ്-08 കൃത്രിമ ഉപഗ്രഹത്തിന്റെ ഭാരം. ഭൂമിയില്‍ നിന്ന് 475 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഇതിനെ എത്തിച്ചിരിക്കുന്നത്. 420 വാട്ട്‌സ് ഊര്‍ജമാണ് സാറ്റ്ലൈറ്റില്‍ സൃഷ്ടിക്കപ്പെടുക. നവീനമായ ആന്റിന, കാര്യക്ഷമത കൂടിയ സോളാര്‍ സംവിധാനം, ചൂട് നിയന്ത്രിക്കാനുള്ള നൂതനമായ സംവിധാനം എന്നിങ്ങനെ അനേകം പ്രത്യേകതകള്‍ ഈ ഉപഗ്രഹത്തിനുണ്ട്. സോളാര്‍ സെല്ലും നാനോ സ്റ്റാര്‍ സെന്‍സറും ഉള്‍പ്പടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അനേകം സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് സാറ്റ്ലൈറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് എന്നതാണ് മറ്റൊരു സവിശേഷത.

ഇലക്ട്രോ ഒപ്റ്റിക്കല്‍ ഇന്‍ഫ്രാറെഡ് (EOIR), ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റ്ലൈറ്റ് സിസ്റ്റം റിഫ്‌ലെക്റ്റമെട്രി (GNSS-R), എസ്‌ഐസി യുവി ഡോസിമീറ്റര്‍ (SiC UV Dosimeter) എന്നീ സാങ്കേതികവിദ്യകള്‍ സാറ്റ്ലൈറ്റില്‍ അടങ്ങിയിരിക്കുന്നു. പകലും രാത്രിയും ഉപഗ്രഹ ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നതാണ് ഇഒഐആര്‍. ഇതില്‍ മിഡ്-വേവ് ഇന്‍ഫ്രാറെഡും ലോംഗ്വേവ് ഇന്‍ഫ്രാറെഡും അടങ്ങിയിരിക്കുന്നു. ദുരന്ത നിരീക്ഷണം മുതല്‍ അഗ്‌നിപര്‍വ്വതങ്ങളുടെ നിരീക്ഷണം വരെ ഇഒഎസ്-08 സാറ്റ്ലൈറ്റ് കൊണ്ട് സാധ്യമാകും.

അതേസമയം കടലിന്റെ ഉപരിതലത്തിലെ കാറ്റിന്റെ നിരീക്ഷണം, മണ്ണിലെ ഈര്‍പ്പത്തിന്റെ അവലോകനം, പ്രളയ സാധ്യത തുടങ്ങിയവ അറിയാന്‍ സഹായകമാകുന്ന നവീനമായ റിമോട്ട് സെന്‍സിംഗ് ടെക്നോളജിയാണ് ജിഎന്‍എസ്എസ്-ആര്‍ പേലോഡിലുള്ളത്. ഗഗന്‍യാന്‍ ദൗത്യത്തിന്റെ കൂടി ഭാഗമായി അള്‍ട്രാവയലറ്റ് രശ്മികളെ നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് എസ്‌ഐസി യുവി ഡോസിമീറ്റര്‍ ഉപഗ്രഹത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.