വനിതകോണ്‍സ്റ്റബിളിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ എസ്.ഐ അറസ്റ്റില്‍


ഹൈദരാബാദ്: വനിതകോണ്‍സ്റ്റബിളിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ എസ്.ഐ അറസ്റ്റില്‍. തെലങ്കാന പൊലീസിലെ എസ്.ഐയെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇയാളെ സര്‍വീസില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

പി.വി.എസ് ഭവാനിസെന്‍ ഗൗഡ് എന്ന കലേശ്വറാം പൊലീസ് സ്റ്റേഷനിലെ എസ്.ഐയാണ് പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജൂണ്‍ 15ന് പഴയ പൊലീസ് സ്റ്റേഷന്‍ ബില്‍ഡിങ്ങില്‍ വെച്ചാണ് കോണ്‍സ്റ്റബിളിനെ ബലാത്സംഗത്തിനിരയായത്. റിവോള്‍വര്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പൊലീസുകാരി മൊഴി നല്‍കി. വിവരം പുറത്ത് പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു.

42കാരിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് എസ്.ഐയെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ റിവോള്‍വര്‍ പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം, സംഭവം പുറത്തറിഞ്ഞതോടെ എസ്.ഐക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വനിത പൊലീസുകാര്‍ രംഗത്തെത്തി.