‘രോഹിത് വെമുല ദളിതനല്ല, ആത്മഹത്യ ജാതി വെളിപ്പെടുമെന്ന അപമാനഭയം മൂലം’: കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ്


ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലീസ്. ഇന്ന് ഹൈക്കോടതിയിൽ അന്വേഷണറിപ്പോർട്ട് നൽകും. രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്ന വാദമാണ് പൊലീസ് അന്തിമറിപ്പോർട്ടിലും ആവർത്തിച്ചിരിക്കുന്നത്.

വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സർവ്വകലാശാലയിൽ പ്രവേശനം നേടിയത്. ഇത് പുറത്തുവരുമോ എന്ന ഭയം മൂലമാകാം ആത്മഹത്യ എന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സർവകലാശാലയിൽ നേരിട്ടിരുന്ന ദളിത് വിവേചനത്തിൽ പ്രതിഷേധിച്ചായിരുന്നു രോഹിതിന്റെ ആത്മഹത്യ എന്നായിരുന്നു വാർത്തകൾ പുറത്ത് വന്നിരുന്നത്. 2016 ജനുവരി 17നാണ് ഹോസ്റ്റൽ മുറിയിൽ രോഹിത് ജീവനൊടുക്കിയത്.

താൻ അടക്കമുള്ള അഞ്ച് വിദ്യാർഥികളുടെ സസ്‍പെൻഷനെതിരായ രാപ്പകൽ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്. രോഹിത് എഴുതിയ അഞ്ച് പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു. രോഹിതിന്റെ ആത്മഹത്യയെ തുടർന്ന് സർവകലാശാലയിലും രാജ്യമെമ്പാടും കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം നടത്തിയിരുന്നു.