പത്രികാ സമർപ്പണത്തിന് ഇനി 3 ദിനം മാത്രം, കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടർന്ന് റായ്ബറേലിയും അമേഠിയുംന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുത്തൻ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. നിലവിൽ മത്സരം മുറുകുന്ന ഹരിയാന, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലേക്കുള്ള നാലുപേരുടെ പേരുകൾ മാത്രം അടങ്ങിയ സ്ഥാനാർഥി പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം അമേഠിയിലേയും റായ്ബറേലിയിലേയും കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

പുറത്തുവന്ന പട്ടിക പ്രകാരം മുൻ കേന്ദ്ര മന്ത്രി ആനന്ദ് ശർമ്മ ഹിമാചലിലെ കങ്കര മണ്ഡലത്തിൽനിന്ന് മത്സരിക്കും. ഹിമാചലിലെ ഹാമിർപുരിയിൽ നിന്ന് മുൻ എം.എൽ.എ. സത്പൽ റൈസാദ മത്സരിക്കും. ഇവിടെ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് ബി.ജെ.പി. സ്ഥാനാർഥി. ഹരിയാനയിലെ ഗുഡ്ഗാവിൽ രാജ് ബബ്ബറും മഹാരാഷ്ട്രയിലെ മുംബൈ നോർത്തിൽനിന്ന് ഭൂഷൺ പാട്ടീലും ജനവിധി തേടും.

നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയ്ക്ക് വെറും മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ അമേഠിയിലേയും റായ് ബറേലിയിലേയും സസ്പെൻസ് തുടരുകയാണ്. അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർഥികളുടെ കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഇന്ന് പുറത്തിറക്കിയ ലിസ്റ്റിലും ഈ രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. അഞ്ചാം ഘട്ടമായി മേയ് 20-നാണ് അമേഠിയിലെ വോട്ടെടുപ്പ്.

ഈ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിലുള്ള അനിശ്ചിതത്വം നീക്കണമെന്ന് പ്രവർത്തകരും നേതാക്കളും തുടർച്ചയായി ആവശ്യം ഉന്നയിച്ചുവരികയായിരുന്നു. അമേഠിയ്ക്ക് രാഹുലിനേയോ പ്രിയങ്കയേയോ സ്ഥാനാർഥിയായി വേണമെന്ന ആവശ്യവുമായി ഒരു സംഘം ആളുകൾ ഇന്ന് പാർട്ടി ഓഫീസിന് മുന്നിൽ പ്രതിഷേധിം നടത്തിയിരുന്നു. അമേഠി ജില്ലാ കോൺഗ്രസ് അധ്യക്ഷൻ, മുൻ ജില്ലാ അധ്യക്ഷൻ അടക്കമുള്ളവരാണ് പ്രതിഷേധിച്ചത്. ‘ഞങ്ങൾക്ക് സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ വേണം. നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ പ്രതാപം വീണ്ടെടുക്കണം’- പാർട്ടില ജില്ലാ വക്താവ് അനിൽ സിങ് പറഞ്ഞു.