പ്രജ്വല്‍ രേവണ്ണയെ ജെഡിഎസിൽ നിന്നും സസ്പെൻഡ് ചെയ്തു, പെൻഡ്രൈവ് ലീക്ക് ആക്കിയത് കോൺഗ്രസെന്നും ബിജെപിയെന്നും ആരോപണംബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുലച്ച ലൈംഗിക പീഡന പരാതിയില്‍ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ നടപടിയുമായി ജെഡിഎസ്. പ്രജ്വലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഹാസനില്‍ നിന്നുള്ള എംപിയാണ് പ്രജ്വല്‍.

നിരവധി സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുകയും, പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രജ്വല്‍ രേവണ്ണക്കെതിരായ പരാതി. പീഡന ദൃശ്യങ്ങളില്‍ ചിലത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നതോടെ പ്രത്യേക സംഘത്തെ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് രംഗത്ത് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ ആയുധവുമാണ് പ്രജ്വലിന്റെ വീഡിയോ വിവാദം. ഈ പശ്ചാത്തലത്തില്‍ തിരിച്ചടി മുന്നില്‍ കണ്ട് മുഖം രക്ഷിക്കാനാണ് ജെഡിഎസിന്റെ ശ്രമം.

അന്വേഷണം തീരും വരെ പ്രജ്വലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനാണ് ഹുബ്ബള്ളിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചത്. എസ്‌ഐടി അന്വേഷണത്തെയും ജെഡിഎസ് സ്വാഗതം ചെയ്തു. അതേസമയം സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കര്‍ണാടക ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം.

അതേസമയം പ്രജ്വലിന്റെ വീഡിയോയുടെ പെൻഡ്രൈവ് പ്രചരിപ്പിച്ചത് കോൺഗ്രസ് ആണെന്നും അല്ല, ബിജെപി ആണെന്നും രണ്ടുപക്ഷം വാദവും ആരോപണവും മൂലം കർണാടകയിൽ വിവാദം പുകയുകയാണ്.