പ്രശസ്തമായ ഹോട്ടല്‍ മാരിയറ്റിന്മേല്‍ ഉടമസ്ഥാവകാശം അവകാശപ്പെട്ട് വഖഫ് ബോര്‍ഡ് നടത്തിയ നീക്കം റദ്ദാക്കി ഹൈക്കോടതി


ഹൈദരാബാദ്: നഗരത്തിലെ പ്രശസ്തമായ ഹോട്ടല്‍ മാരിയറ്റിന്മേല്‍ ഉടമസ്ഥാവകാശം അവകാശപ്പെട്ട് തെലങ്കാന വഖഫ് ബോര്‍ഡ് നടത്തിയ നീക്കം റദ്ദാക്കി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അലോക് ആരാദേ, ജസ്റ്റിസ് അനില്‍ കുമാര്‍ ജുകാന്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വഖഫ് ബോര്‍ഡിനെതിരെ ഉത്തരവ് പുറപ്പെടുവിക്കുകയും ‘വഖഫ് ബോര്‍ഡിന്റെ നടപടികള്‍ അധികാരപരിധിക്ക് പുറത്തതാണ്’എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ തര്‍ക്കത്തില്‍ 1954 ലെ വഖഫ് ആക്ട് പ്രകാരം വഖഫ് ബോര്‍ഡ് ആദ്യം ഒരു അന്വേഷണം നടത്തി, 1958 ഒക്ടോബര്‍ 5ന് ഒരു പ്രമേയത്തിലൂടെ മുന്‍പ് വൈസ്രോയ് ഹോട്ടല്‍സ് എന്നറിയപ്പെട്ടിരുന്ന, ഈ സ്വത്ത് വഖഫിന്റേതല്ലെന്ന് തീരുമാനിച്ചതാണ്. പക്ഷെ തുടര്‍ന്നും പലതരത്തിലുള്ള അവകാശവാദങ്ങള്‍ ഉയര്‍ന്നു കൊണ്ടിരുന്നു . 1964ല്‍ അബ്ദുള്‍ ഗഫൂര്‍ എന്നയാള്‍ ഈ സ്വത്തിന്റെ വഖഫ് പദവി ഉറപ്പിക്കുവാന്‍ വേണ്ടി ഒരു സിവില്‍ കേസ് ഫയല്‍ ചെയ്തു. ഇതോടെ പല കോടതി ഇടപെടലുകള്‍ ഉണ്ടായിട്ടും വഖഫ് ബോര്‍ഡ് അവകാശവാദങ്ങളില്‍ ഉറച്ചുനിന്നു.

വഖഫ് ബോര്‍ഡ് തുടര്‍ന്നും വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുകയും അവരുടേതായ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു, മുന്‍കാല കോടതിവിധികളും ഹോട്ടല്‍ ഉന്നയിച്ച എതിര്‍പ്പുകളും ധിക്കരിച്ച് വഖഫ് ബോര്‍ഡ് ഈ വിഷയത്തില്‍ ചില ശ്രമങ്ങള്‍ നടത്തിയതിന്റെ ഫലമായാണ് ഇപ്പോഴത്തെ കേസ്. മാരിയെറ്റ് ഉടമകള്‍ മുന്‍കാല വിധിന്യായങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു.

സാഹചര്യത്തിന്റെ ഗൗരവവും അടിയന്തിര സ്വാഭാവവും പരിഗണിച്ച് ഹര്‍ജിക്കാര്‍ക്കെതിരെ പ്രതികൂലമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് വഖഫ് ട്രിബ്യൂണലിനെ വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി അനുവദിക്കുകയായിരുന്നു.

1954 ലെ നിയമത്തിന്റെ 27-ാം വകുപ്പ് പ്രകാരം വസ്തുവകകള്‍ വഖഫ് അല്ലെന്ന് ഒരിക്കല്‍ നിര്‍ണ്ണയിച്ചു. വഖഫ് ബോര്‍ഡ് പ്രശ്‌നം വീണ്ടും പരിശോധിക്കുന്നത് അനുവദനീയമല്ല. കോടതി പറഞ്ഞു.

വഖഫ് ബോര്‍ഡ് പുറപ്പെടുവിച്ച അനുബന്ധ വിജ്ഞാപനം കോടതി റദ്ദാക്കുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും കുടിയൊഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകരുതെന്നും ബോര്‍ഡിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.