നരേന്ദ്രമോദി സർക്കാരിന് കീഴിൽ പത്മ പുരസ്‌കാരങ്ങളുടെ വിശ്വാസ്യതയും ജനങ്ങൾക്കിടയിലെ സ്വീകാര്യതയും വർദ്ധിച്ചു: വി മുരളീധരൻ


തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന് കീഴിൽ പത്മ പുരസ്‌കാരങ്ങളുടെ വിശ്വാസ്യതയും ജനങ്ങൾക്കിടയിലെ സ്വീകാര്യതയും വർദ്ധിച്ചുവെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇഷ്ടക്കാർക്ക് വീതം വയ്ക്കുന്ന രീതി മാറിയെന്നും പത്മ പുരസ്‌കാരം ഇപ്പോൾ ജനങ്ങളുടെ അവാർഡായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. പത്മ പുരസ്‌കാരവും ഭാരതരത്‌നയും അർഹിക്കുന്നവരുടെ കൈകളിൽ എത്തണമെന്ന് നരേന്ദ്രമോദി സർക്കാരിന് നിർബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചട്ടമ്പി സ്വാമി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ പത്മശ്രീ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടിക്കും പൂയം തിരുനാൾ ഗൗരിബായി തമ്പുരാട്ടിക്കും നൽകിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സ്വാതന്ത്ര്യാനന്തരം നമ്മുടെ മഹത്തായ പാരമ്പര്യങ്ങളും സംസ്‌കാരവും വേണ്ടത്ര മാനിക്കപ്പെട്ടില്ല. നാടിന് തണലും കരുതലുമായ മഹത് വ്യക്തിത്വങ്ങളെ പിന്നീട് ഭരിച്ചവർ മറന്നു. നരേന്ദ്രമോദി സർക്കാർ ചെയ്യുന്നത് അതിൽ നിന്ന് മാറി ചിന്തിക്കുകയാണ്. സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുമായി അടുത്ത് ഇടപഴകി അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രയത്‌നിച്ചവർക്കാണ് ഇപ്പോൾ സിവിലിയൻ പുരസ്‌കാരങ്ങൾ നൽകുന്നതെന്ന് അദ്ദേഹം വിശദമാക്കി.

ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിലെ അമൂല്യശേഖരം ആധുനിക ലോകത്തെ അത്ഭുതപ്പെടുത്തിയെങ്കിൽ, ഇക്കാലമത്രയും അതിൽ നിന്ന് അണാപ്പൈസ തൊടാതെ സ്വത്തിന് കാവലായ കൊട്ടാരം അതിലേറെ അത്ഭുതമാണ്. വനിതാ മുന്നേറ്റത്തിന് തിരുവിതാംകൂർ രാജവംശം വഹിച്ച പങ്കിനെ എന്നും ആദരവോടെ നാട് ഓർമ്മിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.