തമിഴ്നാട്ടിൽ വ്യാപക പരിശോധന: മറീന ബീച്ചിൽ നിന്ന് പിടിച്ചത് 1000-ലധികം പഞ്ഞിമിഠായി പാക്കറ്റുകൾ


ചെന്നൈ: പഞ്ഞിമിഠായി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കണ്ടെത്തിയതോടെ തമിഴ്നാട്ടിൽ വ്യാപക പരിശോധന. ചെന്നൈ മറീന ബീച്ചിൽ നിന്ന് കഴിഞ്ഞ ദിവസം ആയിരത്തിലധികം പഞ്ഞിമിഠായി പാക്കറ്റുകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തത്. മറീന ബീച്ചിനെ പുറമേ, ഏലിയാറ്റ്സ് ബീച്ചിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇവിടെ നിന്നും പിടിച്ചെടുത്ത പഞ്ഞിമിഠായികളിൽ മായം കലർന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവയുടെ സാംപിളുകൾ വിശദ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. അർബുദത്തിന് കാരണമാകുന്ന റോഡോമൈൻ ബി എന്ന രാസപദാർത്ഥം പഞ്ഞിമിഠായിൽ അടങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പുതുച്ചേരി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പല നഗരങ്ങളിലും പരിശോധന ആരംഭിച്ചത്.

വ്യവസായിക ആവശ്യങ്ങൾക്കും മറ്റും ഉൽപ്പന്നങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം ഡൈ ആണ് റോഡോമൈൻ ബി. ഇത് ശരീരത്തിന് പ്രതികൂലമായാണ് ബാധിക്കുക. ഇത്തരത്തിൽ മായം ചേർത്ത പഞ്ഞിമിഠായി മറ്റ് സംസ്ഥാനങ്ങളിലും വിൽക്കുന്നുണ്ടോയെന്ന സംശയംമുള്ളതിനാൽ ഇതര സംസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്തമാക്കി. വിൽപ്പനയ്ക്കായി എത്തിച്ച മിഠായി എവിടെ നിന്ന് ഉൽപ്പാദിപ്പിച്ചു എന്നതടക്കമുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തുന്നതാണ്. അതേസമയം, ഇനി മുതൽ ഇവ വിൽക്കരുതെന്ന് കച്ചവടക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.