ഡൽഹി-അയോധ്യ സ്പെഷ്യൽ ട്രെയിൻ: ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ


ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്ന് അയോധ്യ വരെ സർവീസ് നടത്തുന്ന ഡൽഹി-അയോധ്യ സ്പെഷ്യൽ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്. ബിജെപി എംപി ഹർഷ വർദ്ധനും ചടങ്ങിൽ പങ്കെടുത്തു. ജയ് ശ്രീറാം എന്ന് ഉച്ചത്തിൽ ഉരുവിട്ടുകൊണ്ടാണ് ഭക്തർ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറിയത്.

ഡൽഹിയിൽ നിന്നും 1400 ഭക്തരാണ് അയോധ്യയിലേക്ക് പുറപ്പെട്ടത്. ഭക്തർക്ക് യാത്ര സൗകര്യം ഉൾപ്പെടെ ഒരുക്കി നൽകിയതിന് പ്രധാനമന്ത്രിക്കും, റെയിൽവേ മന്ത്രാലയത്തിനും വീരേന്ദ്ര സച്ദേവ നന്ദി അറിയിച്ചിട്ടുണ്ട്. അതേസമയം, അയോധ്യയിലേക്ക് ആസ്ത സ്പെഷ്യൽ ട്രെയിനുകൾ ഇതിനോടകം ഓടിത്തുടങ്ങിയിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപാണ് ഈ ട്രെയിൻ ഡൽഹിയിൽ നിന്നും പുറപ്പെട്ടത്. ഭാരതീയർ ഒന്നടങ്കം കാത്തിരുന്ന അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണാപ്രതിഷ്ഠാ ചടങ്ങുകൾ ജനുവരി 22-നാണ് നടന്നത്. ശേഷം, ജനുവരി 23ന് ഭക്തർക്കായി ക്ഷേത്രം തുറന്നുനൽകുകയായിരുന്നു.