കോയമ്പത്തൂരിലെ ജോസ് ആലുക്കാസ് ജ്വല്ലറി മോഷണം: മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു; ഭാര്യ അറസ്റ്റില്‍


ചെന്നൈ: കോയമ്പത്തൂരിലെ ജോസ് ആലുക്കാസ് ജ്വല്ലറി മോഷണ കേസിലെ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. ധര്‍മ്മപുരി സ്വദേശി വിജയ് (24) ആണ് മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി മുങ്ങിയതിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. 200 പവനോളം സ്വർണ്ണമാണ് ജ്വല്ലറിയിൽ നിന്നും മോഷണം പോയത്.

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്ത് കയറി വിജയ് മോഷണം നടത്തിയത്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ച് ധർമ്മപുരിയിലെ വീട്ടിൽ പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുന്‍പ് വിജയ് കടന്നുകളഞ്ഞു. ഇയാളെ കണ്ടെത്താൻ അഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി കോയമ്പത്തൂര് സിറ്റി പൊലീസ് കമ്മീഷണര്‍ ബാലകൃഷ്ണന്‍ പറഞ്ഞു .

വിജുടെ ഭാര്യ നര്‍മ്മദയുടെ പക്കൽ നിന്ന് 3 കിലോ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. ആകെ 4 കിലോ  600 ഗ്രാം സ്വര്‍ണമാണ് മോഷണം പോയത്. വിജയ് നേരത്തെ മൂന്ന് മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ട്. 40,000 രൂപയുടെ മോഷണമാണ് ഇതിന് മുന്‍പ് ഇയാളുടെ പേരിലുണ്ടായിരുന്ന ഏറ്റവും ഗുരുതരമായ കേസെന്നും പൊലീസ് പറഞ്ഞു.