ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് മറ്റൊരു രാജ്യം കൂടി, അറിയാം കൂടുതൽ വിവരങ്ങൾ


വിനോദസഞ്ചാരം ഇഷ്ടപ്പെടുന്ന ഇന്ത്യക്കാർക്ക് സുവർണാവസരവുമായി മലേഷ്യൻ ഭരണകൂടം. ഇത്തവണ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിസ രഹിത പ്രവേശനമാണ് മലേഷ്യ അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ സഞ്ചാരികൾക്ക് ഇതോടെ വിസ ഇല്ലാതെ മലേഷ്യയിലേക്ക് പറക്കാനാകും. ഡിസംബർ ഒന്ന് മുതലാണ് ഇന്ത്യക്കാർക്ക് മലേഷ്യ ഇത്തരമൊരു ആനുകൂല്യം നൽകുന്നത്. പരമാവധി 30 ദിവസം വരെ വിസ ഇല്ലാതെ മലേഷ്യയിൽ താമസിക്കാൻ കഴിയുന്നതാണ്.

വിസ രഹിത പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ളവർക്ക് സെക്യൂരിറ്റി സ്ക്രീനിംഗ് മാത്രം മതിയെന്ന് അദ്ദേഹം വ്യക്തമാക്കി. വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് മലേഷ്യൻ ഭരണകൂടത്തിന്റെ പുതിയ നീക്കം.

ഇന്ത്യക്കാർക്ക് വിസ ഒഴിവാക്കിയ സാഹചര്യത്തിൽ, വരും മാസങ്ങളിൽ മലേഷ്യയിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയ്ക്ക് പുറമേ, ചൈനീസ് പൗരന്മാർക്കും മലേഷ്യ വിസ രഹിത സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. മുൻപ് തായ്‌ലൻഡ്, ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം ഉറപ്പുവരുത്തിയിട്ടുണ്ട്. പരിമിത കാലയളവിനുള്ളിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.