പ്രശസ്ത നേത്രരോഗ വിദഗ്ധനും ചെന്നൈയിലെ ശങ്കര നേത്രാലയത്തിന്റെ (Sankara Nethralaya) സ്ഥാപകനുമായ ഡോ. എസ്.എസ് ബദരീനാഥ് അന്തരിച്ചു. 83 വയസായിരുന്നു. സാധാരണക്കാർക്ക് താങ്ങാനാകുന്ന ചെലവിലാണ് അദ്ദേഹം ചികിൽസ ലഭ്യമാക്കിയിരുന്നത്. സമ്പന്നരും പാവപ്പെട്ടവരുമെല്ലാം ഒരുപോലെ അദ്ദേഹത്തിന്റെ ആശുപത്രിയിൽ ചികിൽസ തേടി എത്തിയിരുന്നു.
1978-ലാണ് ശങ്കര നേത്രാലയം സ്ഥാപിക്കപ്പെട്ടത്. അന്നു മുതൽ ഈ സ്ഥാപനം മികവിന്റെ അടയാളമായി തുടരുകയാണ്. ഇത്തരം സംരംഭങ്ങൾ ലാഭം മാത്രം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന കാലഘട്ടത്തിൽ, ജീവകാരുണ്യം കൂടി ലക്ഷ്യമാക്കി മുന്നേറാൻ കഴിയുമെന്ന് ഡോ. എസ്.എസ് ബദരീനാഥും അദ്ദേഹത്തിന്റെ ശങ്കര നേത്രാലയവും തെളിയിച്ചു. ശങ്കര നേത്രാലയത്തിന്റെ ഗുണനിലവാരം എല്ലാ കാലത്തും ഒരുപോലെ നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതും വലിയ നേട്ടമാണ്.
‘പ്രാദേശിക ഭാഷയില്‍ വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യം’: കേന്ദ്രവിദ്യാഭ്യാസ ധര്‍മേന്ദ്ര പ്രധാന്‍
നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ (NAMS) തിരഞ്ഞെടുക്കപ്പെട്ട ഫെലോ കൂടിയായിരുന്നു ബദരീനാഥ്. 1996-ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. ഡോ. ബി.സി. റോയ് അവാർഡ്, മറ്റ് നിരവധി ബഹുമതികൾ എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1940 ഫെബ്രുവരി 14 ന് ചെന്നൈയിലെ ട്രിപ്ലിക്കേനിൽ (Triplicane) എസ്.വി. ശ്രീനിവാസ റാവുവിന്റെയും ലക്ഷ്മി ദേവിയുടെയും മകനായാണ് ബദരീനാഥ് ജനിച്ചത്. ഏഴ് സഹോദരങ്ങളിൽ ഇളയവനായ ബദരീനാഥ്, ഭാരതത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും വേരൂന്നിയ അന്തരീക്ഷത്തിലാണ് വളർന്നത്. കൗമാരപ്രായത്തിൽ തന്നെ അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്ടപ്പെട്ടു. പിന്നീട്, പിതാവിന്റെ വിയോഗത്തെത്തുടർന്ന് ലഭിച്ച ലൈഫ് ഇൻഷുറൻസ് പോളിസിയിലെ തുക കൊണ്ടാണ് അദ്ദേഹം തന്റെ മെഡിക്കൽ പഠനം പൂർത്തിയാക്കിയത്.
കുട്ടിക്കാലത്തെ ചില അസുഖങ്ങൾ കാരണം ഏഴാം വയിലാണ് ബദരീനാഥ് സ്കൂൾ പഠനം ആരംഭിച്ചത്. ചെന്നൈയിൽ നിന്നായിരുന്നു അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ലയോള കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് കൊളീജിയറ്റ് പഠനം പൂർത്തിയാക്കി. 1957 മുതൽ 1962 വരെ മദ്രാസ് മെഡിക്കൽ കോളേജിലും പഠിച്ചിട്ടുണ്ട്. അതിനു ശേഷം, ന്യൂയോർക്കിലെ ഗ്രാസ്‌ലാൻഡ് ഹോസ്പിറ്റലിൽ നിന്ന് ഒഫ്താൽമോളജിയിൽ ബിരുദ പഠനം പൂർത്തിയാക്കിയ ബദരീനാഥ് ന്യൂയോർക്കിലെ ബ്രൂക്ലിൻ ഐ ആൻഡ് ഇയർ ഇൻഫർമറിയിൽ നിന്നും നേത്രരോഗത്തിൽ റെസിഡൻസിയും മസാച്ചുസെറ്റ്‌സിൽ നിന്നും ഫെലോഷിപ്പും നേടി. 1960 ൽ കാനഡയിലെ റോയൽ കോളേജ് ഓഫ് സർജൻസ് പരീക്ഷയും 1970 ൽ അമേരിക്കൻ ബോർഡ് എക്സാമിനേഷൻ ഓഫ് ഒഫ്താൽമോളജിയും അദ്ദേഹം പാസായി.
1966 ലാണ് ഡോക്ടർ ബദരീനാഥ് ന്യൂയോർക്കിലെ ബ്രൂക്ലിനിൽ പീഡിയാട്രീഷ്യനും ഹെമറ്റോളജിസ്റ്റുമായി സേവനം അനുഷ്ഠിച്ചിരുന്ന ഡോ. വാസന്തി അയ്യങ്കാറിനെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്.
തന്റെ ഗുരുവിനു നൽകിയ വാഗ്ദാനം നിറവേറ്റാൻ കൂടിയാണ് ഡോക്ടർ ബദരീനാഥ് ഇന്ത്യയിലേക്ക് തിരിച്ചെത്തി ഇവിടെ മെഡിക്കൽ സേവനം ആരംഭിച്ചത്. കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയുമായുള്ള കൂടിക്കാഴ്ചയാണ് ശങ്കര നേത്രാലയം ആരംഭിക്കുന്നതിന് പ്രചോദനമായത്.