ആഗോളതാപനം: രണ്ട് ഡിഗ്രി കൂടി താപനില ഉയർന്നാൽ ഹിമാലയം 50 ശതമാനം വരെ ഉരുകിയേക്കും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
അന്തരീക്ഷ താപനില 2 ഡിഗ്രി സെൽഷ്യസ് കൂടി കൂടിയാൽ ഹിമാലയത്തിലെ ഹിന്ദുക്കുഷ് മലനിരകളിലെ ഏതാണ്ട് 50 ശതമാനം ഐസ് ഉരുകി വെള്ളമാകുമെന്ന് റിപ്പോർട്ട്. 28 ആം കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി 60 ഓളം പേർ അടങ്ങുന്ന ക്രായോസ്ഫിയർ ശാസ്ത്രജ്ഞർ (cryosphere scientists) അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ് (UNFCCC) സമ്മേളനം യുഎഇയിൽ നടക്കാനിരിക്കെയാണ് “സ്റ്റേറ്റ് ഓഫ് ദ ക്രയോസ്ഫിയർ 2023 – ടു ഡിഗ്രി ഈസ് ടൂ ഹൈ” എന്ന പേരിൽ റിപ്പോർട്ട് പുറത്ത് വന്നത്.
അടുത്ത രണ്ട് വർഷത്തേക്ക് കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുന്നതിൽ രാജ്യങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന എന്ന നാഷണലി ഡിറ്റർമൈൻഡ് കോൺട്രിബൂഷൻ (NDC) എന്ന പേരിൽ ഓരോ അഞ്ചു വർഷം കൂടുമ്പോൾ അവതരിപ്പിക്കണം. കഴിഞ്ഞ രണ്ട് വർഷക്കാലത്തെ വേനലിൽ ചില ഹിമാനികളിലെ ഐസ് പൂർണമായും മറ്റ് ചിലതിലേത് മുൻ കാലങ്ങളെ അപേക്ഷിച്ച് കൂടുതലായും നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.”ഈ റിപ്പോർട്ട് ലോക നേതാക്കൾക്കുള്ള ഒരു മുന്നറിയിപ്പാണ്, വരാൻ പോകുന്ന കാലാവസ്ഥാ ഉച്ചകോടിയിലും നേതാക്കൾ നിഷ്‌ക്രിയത്വം പാലിച്ചാൽ നേരിടേണ്ടി വരിക വിനാശകരമായ ഒരു ഭാവി ആയിരിക്കും”, ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേ റ്റഡ് മൗണ്ടെയിൻ ഡെവലപ്പ്മെന്റിന്റെ ഡയറ്ക്ടർ ജനറൽ ഡോ. പേമ ഗ്യാംട്ഷോ പറഞ്ഞു.
സിക്കിം ദുരന്തം നൽകുന്ന മുന്നറിയിപ്പ്
ആഗോള താപനം 2 ഡിഗ്രി സെൽഷ്യസ് കൂടി കൂടിയാൽ ഹിമാലയത്തിനും ധ്രുവപ്രദേശത്തിനും പുറത്തുള്ള ഉഷ്ണമേഖലകളിലെയും മധ്യ അക്ഷാംശ മേഖലകളിലെയും ഹിമാനികൾ 2050 ഓട് കൂടി അപ്രത്യക്ഷമാകും. ചൂട് രണ്ട് ഡിഗ്രി കൂടി ഉയർന്നാൽ ഹിമാലയം ഉരുകി 50 ശതമാനം ഐസ് നഷ്ടമാകും എന്നാണ് റിപ്പോർട്ട് പറയുന്നത്. ഇങ്ങനെ മഞ്ഞുരുകാൻ തുടങ്ങിയാൽ മണ്ണിടിച്ചിൽ കൂടുകയും ഒപ്പം നദികളിൽ ക്രമാതീതമായ വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ ടീസ്റ്റ നദീ സമൂഹത്തിൽ ഉൾപ്പെട്ട ലൊനാക്ക് നദിയിലെ ജലനിരപ്പ് ഉയർന്നത് സിക്കിമിലെ 1200 മെഗാവാട്ട് ഹൈഡൽ പ്രോജക്ടിന്റെ നാശത്തിന് കാരണമായിരുന്നു.
അഫ്ഗാനിസ്ഥാൻ മുതൽ ഇന്ത്യ വരെ നീണ്ടുകിടക്കുന്ന മല നിരകൾ നിമിത്തം ഏകദേശം രണ്ട് ബില്യൺ ആളുകൾക്ക് വർഷവും ജലം ലഭിക്കുന്നുണ്ട്, ഈ മലനിരകളും ആഗോള താപനത്തിന്റെ ഭീഷണിയിലാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു. “കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം ഏറെ ദുരന്തങ്ങൾ ഉണ്ടായ ഒരു വർഷമാണ് 2023, ഇനി ഒരു രണ്ട് ഡിഗ്രി പോലും അന്തരീക്ഷ താപനില വർദ്ധിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും” എന്ന് ഐ സി സി ഐ ഡയറക്ടർ പാം പിയേഴ്‌സൺ പറഞ്ഞു
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം
ലോക നേതാക്കളോട് ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ശാത്രജ്ഞർ ആവശ്യപ്പെട്ടിട്ടുണ്ട്. കരാറിൽ കൽക്കരിയോടൊപ്പം എണ്ണയും ഗ്യാസും ഉൾപ്പെടുത്താണോ എന്ന വിഷയത്തിൽ രാജ്യങ്ങൾക്കിടയിൽ തർക്കം തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കായി കൃത്യമായ സംവിധാനങ്ങൾ കൊണ്ട് വരുന്നതിന് എല്ലാ രാജ്യങ്ങളുടെയും നേതൃത്വത്തിൽ ഒരു ഫണ്ട് രൂപീകരിക്കണം എന്ന നിർദേശവും ശാസ്ത്ര സമൂഹം മുന്നോട്ട് വക്കുന്നു.
“ഈ ഉച്ചകോടി വളരെ പ്രധാനപ്പെട്ട ഒന്നാണ്. ലോക നേതാക്കന്മാർ ഇനിയും ആവശ്യമായ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ലോകത്താകമാനം ദശ ലക്ഷക്കണക്കിന് ജനങ്ങൾ വെള്ളപ്പൊക്ക ബാധിതരാകും അവശേഷിക്കുന്ന ശുദ്ധ ജല സ്ലോതസുകളും നമുക്ക് നഷ്ടമാകും”- മാസ്സച്ചുസ്സേറ്റ്സ് ആംഹെസ്റ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജൂലി ബ്രിഗം ഗ്രറ്റെ പറഞ്ഞു.
അന്തരീക്ഷ ബഹിർഗമനങ്ങൾ കുറക്കണം
റിപ്പോർട്ട് അനുസരിച്ച് പരീസ് ഉടമ്പടിയിലേതു പോലെ അന്തരീക്ഷ താപനില 1.5° C ൽ കൂടുതൽ കൂടാതെ തന്നെ നിലനിർത്തുകയും വികസന പ്രവർത്തനങ്ങൾ മൂലമുള്ള അന്തരീക്ഷ ബഹിർഗമനങ്ങൾ കുറക്കുകയും ചെയ്യണം. ഇതുവഴി 1.8°C വരെ താപനില ഉയരാൻ സാധ്യത ഉണ്ടെങ്കിലും 2100 ഓടെ അതിനെ 1.6°C ലേക്ക് തിരികെ എത്തിക്കാൻ കഴിയും. അങ്ങനെ ഹിന്ദുക്കുഷ് മല നിരകളിലെ ഹിമാനികളിലെ ഐസ് ഉരുകുന്നത് 30 ശതമാനം എന്ന തോതിലേക്ക് കുറയ്ക്കാം. ഇതിനായി 2030 ആകുമ്പോഴേക്കും ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം 43% വും 2050 ഓടെ കാർബൻ ഡൈ ഒക്സൈഡിന്റെ ബഹിർഗമനം പൂജ്യമായും കുറയ്ക്കണം.