‘ഇന്ത്യയുടെ ജി20 അധ്യക്ഷപദം ഗ്ലോബല്‍ സൗത്തിനെ കൂടുതല്‍ ശാക്തീകരിച്ചു’: ഹൈക്കമീഷണര്‍ വിക്രം ദുരൈസ്വാമി


ഇന്ത്യയുടെ ജി20 അധ്യക്ഷപദം ഗ്ലോബൽ സൗത്തിനെ കൂടുതൽ ശാക്തീകരിച്ചതായി യുകെയിലെ ഇന്ത്യൻ സ്ഥാനപതി വിക്രം ദുരൈസ്വാമി. ലണ്ടനിലെ ഇന്ത്യാ ഹൗസിൽ ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഓരോ ജി20 യോഗങ്ങളിലും ഇന്ത്യയുടെ എല്ലാ വശങ്ങളും എടുത്തുകാട്ടുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

അടുത്തമാസം ആദ്യം ന്യൂഡൽഹിയിൽ വെച്ചാണ് ജി 20 ഉച്ചകോടിയുടെ ഭാ​ഗമായി, ലോകനേതാക്കളുടെ സമ്മേളനം നടക്കുന്നത് സെപ്റ്റംബർ 9.10 തീയതികളിലായി നടക്കുന്ന ഉച്ചകോടി, ഇന്ത്യയിൽ വെച്ച് നടക്കുന്ന ലോകനേതാക്കന്മാരുടെ ഏറ്റവും വലിയ സമ്മേളനമായിരിക്കുമെന്നാണ് കരുതുന്നത്.

രാഷ്ട്രപതി ദ്രൗപതി മുർമു സ്വാതന്ത്ര്യദിനത്തിൽ നടത്തിയ പ്രസംഗം പരാമർശിച്ച അദ്ദേഹം, 19 രാജ്യങ്ങളിലെയും യൂറോപ്യൻ യൂണിയനിലെയും വികസിത രാജ്യങ്ങൾ ഉൾപ്പെടുന്ന സമ്മേളനത്തിൽ വികസ്വരരാജ്യങ്ങൾക്കുവേണ്ടി ജി20-യിൽ സംസാരിക്കാൻ ഇന്ത്യക്ക് അവസരം ലഭിച്ചതിനെക്കുറിച്ചും ആവർത്തിച്ചു പറഞ്ഞു. ലോകത്തിലെ തന്നെ പ്രധാന സമ്മേളനമാണിതെന്നും ദുരൈസ്വാമി പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

”രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ പറഞ്ഞതുപോലെ, ഡിജിറ്റൽ വികസന അജണ്ടയുടെ കാര്യത്തിലായാലും ദാരിദ്ര്യനിർമാർജനത്തിന്റെ കാര്യത്തിലായാലും ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ശാക്തീകരണത്തിനാലായാലും ആഗോളതലത്തിലുള്ള നീക്കത്തെ ശരിയായ ദിശയിലേക്ക് നയിക്കാൻ ഈ ജി20 സമ്മേളനം സഹായിക്കും. ഒരു അസാധാരണമായ 20 സമ്മേളനത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്”, വിക്രം ദുരൈസ്വാമി പറഞ്ഞു. പ്രധാനമന്ത്രി മുന്നോട്ടുവെച്ച അമൃതകാലം (സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലേക്കുള്ള കാലം) എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ജി20 സമ്മേളനത്തിന്റെ പ്രമേയമായ വസുധൈവ കുടുംബകം എന്നതുമായും ഈ ആശയത്തെ അദ്ദേഹം ബന്ധിപ്പിച്ചു.

”ധാരാളം കാര്യങ്ങൾ സംഭവിക്കുന്നു. മഹത്തായ കാര്യങ്ങളാണ് ഇന്ത്യയിൽ സംഭവിക്കുന്നത്. വലിയ കാര്യങ്ങൾ ചെയ്യാൻ നമുക്ക് കഴിയുമെന്ന് നാം വിശ്വസിക്കണം. എന്നെ സംബന്ധിച്ചിടത്തോളം ജി20 സമ്മേളനത്തിനും അത്തരമൊരു ലക്ഷ്യമുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ-സാമ്പത്തിക സമ്മേളനത്തിനാണ് നമ്മൾ ആതിഥ്യം വഹിക്കുന്നത്. ഓരോ സമ്മേളനങ്ങളിലും ഇന്ത്യയുടെ ഓരോ ചെറിയ അംശം പോലും തുറന്ന് കാണിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അത് പ്രധാനമന്ത്രിയുടെ അതുല്യമായ ഇടപെടലാണ്”, വിക്രം ദുരൈസ്വാമി പറഞ്ഞു.

ലോകത്തിലെ പ്രധാനപ്പെട്ട വികസിത, വികസ്വര രാജ്യങ്ങളുടെ തലവന്മാർ പങ്കെടുക്കുന്ന യോഗമാണ് ജി20. ആഗോള ജിഡിപിയുടെ 85 ശതമാനവും ഉൾക്കൊള്ളുന്നത് ഈ രാജ്യങ്ങളിലാണ്. കൂടാതെ ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ഈ രാജ്യങ്ങളിലാണ് നടക്കുന്നത്.

അർജന്റീന, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തുർക്കി, യുകെ, യുഎസ് എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് ജി20-യിലെ അംഗങ്ങൾ.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തശേഷമുള്ള ഋഷി സുനകിന്റെ മാതൃരാജ്യത്തിലേക്കുള്ള ആദ്യ സന്ദർശത്തിനുമാണ് ജി20 സാക്ഷ്യം വഹിക്കുന്നത്. അദ്ദേഹത്തിന് വലിയ സ്വീകരണം നൽകുമെന്ന സൂചനകളെക്കുറിച്ചുള്ള ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്ന മറുപടിയാണ് വിക്രം ദുരൈസ്വാമി നൽകിയത്. രണ്ടുദിവസം മാത്രം നീണ്ടുനിൽക്കുന്ന സമ്മേളനമാണെന്നും അതിനാൽ, സമയം തീരെക്കുറവാണെന്നും എന്നാൽ, ഇന്ത്യ-യുകെ ഉഭയകക്ഷി ചർച്ചകൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ മറ്റൊരു സന്ദർശനം നടത്താൻ ഈ സമ്മേളനം അദ്ദേഹത്തെ പ്രചോദിപ്പിക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.