Exclusive | തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്ക് പരസ്യങ്ങളിൽ ആധിപത്യം സ്ഥാപിച്ച് ബിജെപി; കോർപ്പറേറ്റ് ഭീമന്മാർ പോലും പിന്നിൽ
അനിന്ദ്യ ബാനർജി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി വീട്തോറുമുള്ള പ്രചാരണങ്ങൾക്ക് പുറമേ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾക്കും ചൂടേറുകയാണ്. നിലവിൽ ഫേസ്ബുക്ക് പരസ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പല രാഷ്ട്രീയ പാർട്ടികളും. കോർപ്പറേറ്റ് ഭീമന്മാരെ പോലും പിന്നിലാക്കികൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. അതിൽ ഏറ്റവും കൂടുതൽ ഫേസ്ബുക്ക് പരസ്യങ്ങൾക്കായി ചെലവഴിക്കുന്ന പാർട്ടി ബിജെപി ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
ആക്‌സിസ് ബാങ്ക്, ഡിസ്‌കവറി+ ചാനൽ പോലുള്ള കോർപ്പറേറ്റ് ഭീമൻമാരെ പിന്തള്ളികൊണ്ടാണ് ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഫേസ്ബുക്ക് പരസ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് ബിജെപിയും സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കായി പ്രചരണം നടത്തുന്ന സംഘടനകൾ ആണെന്നും റിപ്പോർട്ട് ഉണ്ട്. ഈ വർഷം ജൂലൈ 14 മുതൽ ഓഗസ്റ്റ് 12 വരെയുള്ള കാലയളവിൽ ആണ് ഫേസ്ബുക്ക് പരസ്യങ്ങൾക്കായി പാർട്ടികൾ കൂടുതൽ പണം ചെലവഴിച്ചതെന്നും
ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിനായി 35,50,342 രൂപയാണ് ബിജെപി ഇന്ത്യയിൽ കഴിഞ്ഞ മാസം ഫേസ്ബുക്ക് പരസ്യങ്ങൾക്കായി ചെലവഴിച്ചത്. കൂടാതെ ‘നഹി സഹേഗാ രാജസ്ഥാൻ’ (രാജസ്ഥാൻ സഹിക്കില്ല) എന്ന പേരിൽ നടക്കുന്ന കാമ്പെയ്‌നിൽ സംസ്ഥാനത്തെ ഭരണപരമായ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി പരസ്യങ്ങളുടെ ഒരു പരമ്പര തന്നെ ആണ് ഉള്ളത്. അവയിൽ ചിലത് 45,000 ത്തിൽ അധികം തവണ സോഷ്യൽ മീഡിയയിലൂടനീളം പ്രചരിച്ചു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
‘എംപി കെ മൻ മേ മോദി’ (മോദി മധ്യപ്രദേശിന്റെ ഹൃദയത്തിലാണ്) എന്ന പേരിലുള്ള പ്രചാരണ പരിപാടിക്കായി മധ്യപ്രദേശിൽ ബിജെപി 28 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇവിടെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യമുഖമായി തിളങ്ങുന്നത്. ഇന്ത്യയുടെ ഓപ്പറേഷൻ മലബാർ എങ്ങനെ ചൈനയെ ദുർഘടത്തിൽ ആക്കി, മോദിയുടെ ഭരണകാലത്ത് സായുധ സേന എങ്ങനെ കൂടുതൽ ശക്തി പ്രാപിച്ചു തുടങ്ങിയ ആഭ്യന്തര വിഷയങ്ങളാണ് ഈ പരസ്യങ്ങളിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്.
മൂന്നാമതായി ഉള്ള പര്യസം മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെ ലക്ഷ്യമിട്ടുള്ള ‘അഴിമതിനാഥ്’ എന്ന പ്രചാരണമാണ്. കഴിഞ്ഞ മാസം 21 ലക്ഷത്തിന് മുകളിലാണ് ഈ പ്രചാരണത്തിനായി ചെലവാക്കിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം ഫേസ്ബുക്ക് പരസ്യ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച് നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കിയിരിക്കുന്നത് കോർപ്പറേറ്റ് ഓർഗനൈസേഷനായ ആക്സിസ് ബാങ്കും കുടുംബ് ആപ്പിന്റെ ക്രാഫ്റ്റോയും ആണ്.
സംസ്ഥാനങ്ങളങ്ങളുടെ കാര്യമെടുത്താൽ, ഫേസ്ബുക്ക് പരസ്യങ്ങളിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത് മധ്യപ്രദേശും രാജസ്ഥാനുമാണ്. ഇതിൽ കൂടുതൽ പണം ചെലവഴിക്കുന്നത് രാജസ്ഥാൻ കേന്ദ്രീകൃതമായ ഒരു കാമ്പെയ്‌നാണെങ്കിലും, മൊത്തം പരസ്യങ്ങളിൽ മുന്നേറി നിൽക്കുന്നത് മധ്യപ്രദേശ് തന്നെ ആണ്. ഫേസ്ബുക്കിലൂടെ പരസ്യങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് മാത്രം മധ്യപ്രദേശ് ഇതുവരെ ചെലവാക്കിയത് 93,57,904 രൂപയാണ്. ഈ കണക്ക് രാഷ്ട്രീയ പ്രചാരണങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ലെങ്കിലും മൊത്തത്തിൽ പാർട്ടികളുടെ സംഭാവന ഇതിൽ വളരെ വലുതാണെന്ന് പറയാം. രണ്ടാം സ്ഥാനത്ത് നിലനിൽക്കുന്ന രാജസ്ഥാൻ 92,43,902 രൂപ ആണ് ചെലവഴിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്ര തന്നെയാണ്.
ആദ്യ 10 സ്ഥാനങ്ങളിൽ കോൺഗ്രസിന്റേതായി ഒരു പ്രചാരണം മാത്രമേ നിലവിൽ നടക്കുന്നുള്ളൂ. ആദ്യ 20 ലേക്ക് വരുമ്പോൾ ആകെ രണ്ടെണ്ണം ആണ് കോൺഗ്രസിന്റേതായി ഉള്ളത്. രണ്ടും മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസിന്റെതായി കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 7,21,405 രൂപ ചെലവഴിച്ച് ‘കാക്കാ അഭി സിന്ദാ ഹേ’ (അങ്കിൾ ജീവിച്ചിരിപ്പുണ്ട്) എന്ന പേരിലുള്ള ഒമ്പതാം സ്ഥാനത്തുള്ളത് . കൂടാതെ ”ഭൂപേഷ് ഹേ തോ ഭരോസാ ഹേ’ (ഭൂപേഷ് ഉള്ളിടത്തോളം ഞങ്ങൾ വിശ്വസിക്കുന്നു) എന്ന പേരിൽ 4,37,000 രൂപയ്ക്ക് മുകളിൽ ചെലവഴിച്ച ഒരു പ്രചാരണം പട്ടികയിൽ പതിനേഴാം സ്ഥാനത്തുണ്ട്