ചന്ദ്രയാൻ 3 അവസാനഘട്ട ഭ്രമണപഥം താഴ്ത്തൽ ഇന്ന് രാവിലെ; വിജയിച്ചാൽ ചന്ദ്രന് അരികിലേക്ക്


ബംഗളൂരു: ചന്ദ്രയാൻ 3 അവസാനഘട്ട ഭ്രമണപഥം താഴ്ത്തൽ ഇന്ന് രാവിലെ നടക്കും. ഇത് വിജയിച്ചാൽ ചന്ദ്രോപരിതലത്തിൽനിന്ന് വെറും 100 കിലോമീറ്റർ മാത്രം അകലത്തിലുള്ള ഭ്രമണപഥത്തിലെത്താൻ ചന്ദ്രയാൻ 3ന് കഴിയും. ഇപ്പോള്‍ പിന്തുടരുന്ന ഭ്രമണപഥത്തിന്റെ ആകൃതിയില്‍ നിന്ന് വ്യത്യസ്തമായി വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകം പ്രവേശിക്കുന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് ഭ്രമണപഥം താഴ്ത്തുന്നത്.

ഓഗസ്റ്റ് 14-ന് രാവിലെ 11.50-ഓടെ ചന്ദ്രന് 150 കി മീ അടുത്തുള്ള ഭ്രമണപഥത്തില്‍ ചന്ദ്രയാൻ 3 പ്രവേശിച്ചിരുന്നു. പേടകവും ചന്ദ്രനും തമ്മിലുള്ള കൂടിയ ദൂരം ഇപ്പോൾ 177 കി മീ ആണ്. ഇന്നത്തെ ഭ്രമണപഥം താഴ്ത്തൽ വിജയകരമായാൽ, സോഫ്റ്റ് ലാൻഡിംഗിലേയ്ക്ക് ഒരു ഘട്ടം മാത്രമാണ് അവശേഷിക്കുക.

ഇക്കഴിഞ്ഞ ജൂലൈ 14-നായിരുന്നു ശ്രീഹരിക്കോട്ടയിൽനിന്ന് ഐഎസ്‌ആര്‍ഒ ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. വിക്ഷേപണത്തിന് പിന്നാലെ ഭൂമിയ്ക്ക് മുകളിലുള്ള ഭ്രമണപഥമുയര്‍ത്തി വരികയായിരുന്നു. ഓഗസ്റ്റ് മാസം ആദ്യത്തോടെ പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഘട്ടംഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന നടപടികൾ തുടരുന്നത്.

ഓഗസ്റ്റ് ആറിന് രാത്രിയാണ് ആദ്യമായി ഭ്രമണപഥം താഴ്ത്തിയത്. ഇതിനുശേഷം ഓഗസ്റ്റ് ഒമ്പതിനും ഭ്രമണപഥം വിജയകരമായി താഴ്ത്തി. തിങ്കളാഴ്ച ഭ്രമണപഥം താഴ്ത്തലിന്റെ നാലാം ഘട്ടവും പൂര്‍ത്തിയായി. ഇന്ന് 100 കി.മീ അകലത്തിലുള്ള ഭ്രമണപഥത്തില്‍ പ്രവേശിച്ചാൽ നാളെ പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ നിന്ന് ലാൻഡര്‍ വേര്‍പെടും. അതോടെ നിര്‍ണ്ണായകമായ അന്ത്യഘട്ടത്തിലെത്തും. രാജ്യം ഉറ്റുനോക്കുന്ന സോഫറ്റ് ലാൻഡിംഗ് ഓഗസ്റ്റ് 23നായിരിക്കുമെന്നാണ് ഐഎസ്ആർഒ കണക്കുകൂട്ടുന്നത്.