‘രാഹുല്‍ ഗാന്ധിയ്ക്ക് പെണ്‍കുട്ടികളെ കിട്ടാന്‍ ക്ഷാമമില്ല, പിന്നെ എന്തിന് 50കാരിയ്ക്ക് ഫ്‌ളൈയിംഗ് കിസ് നല്‍കണം’; കോണ്‍ഗ്രസ് എംഎല്‍എ വിവാദത്തില്‍
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ (Rahul Gandhi) ഫ്‌ളൈയിംഗ് കിസ് വിവാദത്തില്‍ പ്രതികരിച്ച് ബീഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ നീതു സിംഗ്. വിഷയത്തില്‍ സ്മൃതി ഇറാനിയെ രൂക്ഷമായി വിമര്‍ശിച്ചാണ് നീതു സിംഗ് രംഗത്തെത്തിയത്.
“ഞങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പെണ്‍കുട്ടികളെ കിട്ടാന്‍ ക്ഷാമമില്ല. പിന്നെന്തിനാണ് അമ്പതുകാരിയായ ഒരു സ്ത്രീയ്ക്ക് ഫ്‌ളൈയിംഗ് കിസ്സ് നല്‍കുന്നത്? ഇതെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്,” എന്നാണ് നീതുസിംഗ് പറഞ്ഞത്.
നീതു സിംഗിനെതിരെ വിമര്‍ശനവുമായി ബിജെപി നേതൃത്വവും രംഗത്തെത്തിയിരുന്നു. നീതുവിന്റെ പ്രസ്താവനയില്‍ ലജ്ജ തോന്നുവെന്ന് ബിജെപി വക്താക്കള്‍ അറിയിച്ചു.
‘സ്ത്രീ വിരുദ്ധരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ ന്യായീകരിക്കാന്‍ അവര്‍ ഏതറ്റം വരെയും പോകും,” എന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല പറഞ്ഞു.
Also read: ‘മണിപ്പൂർ വിഭജിക്കപ്പെട്ടിട്ടില്ല; ഇന്ത്യയുടെ ഭാഗം തന്നെ’: രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി
ലോക്‌സഭാ സമ്മേളനം നടക്കുന്നതിടെ വനിതാ എംപിമാര്‍ക്ക് നേരെ രാഹുല്‍ ഫ്‌ളൈയിംഗ് കിസ് നല്‍കിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചിരുന്നു. രാഹുൽ സ്ത്രീ വിരുദ്ധനാണെന്നും സ്മൃതി ഇറാനി വിമര്‍ശിച്ചിരുന്നു.
തുടര്‍ന്ന് ബിജെപിയുടെ വനിതാ എംപിമാര്‍ ലോക്‌സഭാ സ്പീക്കറെ സമീപിക്കുകയും രാഹുലിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തനിക്കും മറ്റ് വനിതാ എംപിമാര്‍ക്കും രാഹുല്‍ ഫ്‌ളൈയിംഗ് കിസ്സ് നല്‍കിയെന്നാണ് സ്മൃതി ഇറാനി ആരോപിച്ചത്. സ്ത്രീവിരുദ്ധനായ മനുഷ്യന് മാത്രമേ വനിതാ അംഗങ്ങള്‍ ഇരിക്കുന്ന പാര്‍ലമെന്റിനകത്ത് ഫ്‌ളൈയിംഗ് കിസ്സ് നല്‍കാനാകൂ. ഇതുപോലെ മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാര്‍ലമെന്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.
അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ ലോക്‌സഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് കഴിഞ്ഞ ദിവസം നടന്നത്. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ കൊണ്ടു വന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാറിനെയും രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു. മണിപ്പൂരില്‍ ഇന്ത്യയെ കൊലപ്പെടുത്തിയെന്നും ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.
മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നാണ് പ്രധാനമന്ത്രി കരുതുന്നതെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. എന്തുകൊണ്ട് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ചില്ലെന്നും രാഹുല്‍ ചോദിച്ചു. താന്‍ മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. അതിക്രമം നേരിട്ട സ്ത്രീകളോടും കുട്ടികളോടും സംസാരിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ശബ്ദം കേള്‍ക്കാന്‍ മോദി തയ്യാറാകണം. ഇന്ത്യയുടെ ശബ്ദമല്ലാതെ വേറെ ആരുടെ ശബ്ദമാണ് കേള്‍ക്കുകയെന്നും അദ്ദേഹം ചോദിച്ചു.