ഖാലിസ്ഥാന്‍ തീവ്രവാദത്തെ നേരിടുന്നതിന് ബ്രിട്ടനിലെ സുരക്ഷാ വകുപ്പ് മന്ത്രി ടോം തുഗെന്ധത് ഒരു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചതായി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ അറിയിച്ചു. വ്യാഴ്യാഴ്ചയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി തുഗെന്ധത് കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. ‘ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറുമായി വ്യാഴാഴ്ച (ഓഗസ്റ്റ് 10) ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍, സുരക്ഷാ മന്ത്രി ടോം തുഗെന്ധത്, ഖാലിസ്ഥാന്‍ തീവ്രവാദത്തെ നേരിടുന്നതിന് ബ്രിട്ടനെ ശക്തമാക്കുന്നതിനായാണ് പുതിയ ധനസഹായം പ്രഖ്യാപിച്ചത്,’ ഹൈക്കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
‘ഇതിലൂടെ ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് സര്‍ക്കാരിന് കൂടുതല്‍ വ്യക്തമായ ധാരണ ലഭിക്കും. ജോയിന്റ്-എക്സ്രീം ടാസ്‌ക് ഫോഴ്‌സ് വഴി ബ്രിട്ടനും ഇന്ത്യയും തമ്മില്‍ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന സംയുക്ത പ്രവര്‍ത്തനങ്ങൾ പൂര്‍ത്തീകരിക്കാനും സാധിക്കും,’ പ്രസ്താവനയിൽ കൂട്ടിച്ചേര്‍ത്തു. വിഘടനവാദികളും ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളും ബ്രിട്ടനിലെ ഇന്ത്യന്‍ മിഷനുകള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും നേരെ ആക്രമണം വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. ‘ബ്രിട്ടനിലെ സുരക്ഷാ മന്ത്രി ടോം തുഗെന്ധതിനെ കണ്ടതില്‍ സന്തോഷം. ഇന്ത്യയും യുകെയും എങ്ങനെ തങ്ങളുടെ പങ്കാളിത്തം കൂടുതല്‍ ഉല്‍പ്പാദനക്ഷമമാക്കാമെന്ന് ചര്‍ച്ച ചെയ്തു. നിലവിലെ ആഗോള സാഹചര്യം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിച്ചെടുക്കാന്‍ നിരവധി അവസരങ്ങളാണ് പ്രദാനം ചെയ്യുന്നത്,’ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
Also read- ഉത്തർപ്രദേശിലെ ഗോത്ര ഗ്രാമത്തിൽ സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷത്തിന് ശേഷം വൈദ്യുതി
ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം ഇരു രാജ്യങ്ങളും നേരിടുന്ന സുരക്ഷാ ഭീഷണികളെ ഫലപ്രദമായി നേരിടാന്‍ സഹായിക്കുമെന്ന് ബ്രിട്ടീഷ് സുരക്ഷാ വകുപ്പ് മന്ത്രി പറഞ്ഞു. ‘തീവ്രവാദത്തിനെതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ് – അത് ഏത് രൂപത്തിലായാലും,” തുഗെന്ധതിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ അധ്യക്ഷതയില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന ജി20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാനാണ് തുഗെന്ധത് ഇന്ത്യയിലെത്തിയത്. ‘അഴിമതി നമ്മുടെ സമ്പത്തിനെയും സമൂഹത്തെയും നശിപ്പിക്കുകയും ദേശീയ സുരക്ഷക്ക് തന്നെ ഭീഷണിയുമാണ്. ആഗോളതലത്തില്‍ ഇതിനെതിരെയുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അതിന്റെ സ്വാധീനത്തെ തകര്‍ക്കുന്നതിനുമായി ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ജി 20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തില്‍ പങ്കെടുക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്’, തുഗെന്ധത് പറഞ്ഞു.
അതേസമയം, ശനിയാഴ്ച നടക്കുന്ന ജി20യുടെ മീറ്റിംഗിനായി കൊല്‍ക്കത്തയിലേക്ക് പോകുന്നതിന് മുമ്പ്, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനായി തുഗെന്ധത് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) ആസ്ഥാനം സന്ദര്‍ശിക്കും. ഇതിന് പുറമെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഈ മാര്‍ച്ചില്‍ ഖാലിസ്ഥാനി വിഘടനവാദികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ ആക്രമിക്കുകയും കമ്മീഷന്‍ ഓഫീസിന്റെ പരിസരം നശിപ്പിക്കുകയും ത്രിവര്‍ണ്ണ പതാകയെ അവഹേളിക്കുകയും ചെയ്തിരുന്നു. ഹൈക്കമ്മീഷന്‍ ഓഫീസിലെ ജീവനക്കാരെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. കാനഡ, യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലും സമാനമായ ആക്രമണങ്ങള്‍ നടന്നിരുന്നു.