ബെംഗളൂരു: ഇന്ത്യയില്‍ ഹവാനാ സിന്‍ഡ്രോമിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതിയെ തിങ്കളാഴ്ച അറിയിച്ചു. ഈ ദുരൂഹമായ അസുഖത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഉയര്‍ന്ന തരംഗദൈര്‍ഘ്യമുള്ള മൈക്രോവേവ് ഇന്ത്യയില്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ബെംഗളൂരു സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയതായി ലൈവ് ലോ റിപ്പോര്‍ട്ടു ചെയ്തു. അന്വേഷണം നടത്താനും റിപ്പോര്‍ട്ടു സമര്‍പ്പിക്കാനുമായി മൂന്ന് മാസത്തെ സമയമാണ് കേന്ദ്രത്തിന് കോടതി നല്‍കിയത്.
ഛര്‍ദ്ദി, തലകറക്കം, മൂക്കില്‍ നിന്ന് രക്തം വരിക, ഹ്രസ്വകാലത്തേക്ക് ഓര്‍മനഷ്ടമാകുക എന്നിവയാണ് ഹവാനാ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍. ഒരു കേസില്‍ കാഴ്ച നഷ്ടമായ റിപ്പോര്‍ട്ടുമുണ്ട്. ക്യൂബയിലെ ഹവാനയില്വെച്ച് 2016-ല്‍ യുഎസ് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് വിവരിക്കാനാവാത്ത ലക്ഷണങ്ങളോടെ ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനാല്‍ ഈ രോഗം ഹവാനാ സിന്‍ഡ്രോം എന്ന് അറിയപ്പെടുന്നു.
പ്രസിഡന്റ് ബറാക് ഒബാമയുടെ കീഴില്‍ യുഎസും ക്യൂബയും തമ്മിലുള്ള അനുരഞ്ജനത്തിന്റെ ഭാഗമായി എത്തിയതായിരുന്നു ഈ നയതന്ത്രജ്ഞർ.
തുടര്‍ന്ന് ലോകത്ത് വിവിധ രാജ്യങ്ങളില്‍ ഹവാനാ സിന്‍ഡ്രോം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഏകദേശം 1000 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. മിക്ക ഉദ്യോഗസ്ഥര്‍ക്കും തലകറക്കം, തലവേദന, ക്ഷീണം, മനംപിരട്ടല്‍, ഉത്കണ്ഠ, ഓര്മ നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷങ്ങളാണ് റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. രോഗത്തിന്റെ സങ്കീര്‍ണത വര്‍ധിച്ചതിനെത്തുടര്‍ന്ന് നയതന്ത്രജ്ഞരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ജോലി രാജിവെച്ച സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.
ഹവാനാ സിന്‍ഡ്രോം കേസ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് 2021 ഓഗസ്റ്റില്‍ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ സിങ്കപ്പൂരില്‍ നിന്നുള്ള വിയറ്റ്നാം യാത്ര മൂന്ന് മണിക്കൂറോളം വൈകിയിട്ടുണ്ട്.
ക്യൂബ, ചൈന, റഷ്യ, പോളണ്ട്, ജോര്‍ജിയ, സെര്‍ബിയ, ഇന്ത്യ, കൊളംബിയ, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, തായ്വാന് എന്നീ രാജ്യങ്ങളിലാണ് ഹവാന സിന്‍ഡ്രോം ഇതുവരെ റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്.
ഹവാനാ സിന്‍ഡ്രോമിന് കാരണമെന്താണ്?
ഹവാനാ സിന്‍ഡ്രോമിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായ ഉത്തരം ഇതുവരെയും ആര്‍ക്കും പിടികിട്ടിയിട്ടില്ല. ക്യൂബയില്‍ ആദ്യമായി റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ അത് സോണിക് അറ്റാക്ക് എന്നാണ് ആദ്യം കരുതിയത്. എന്നാല്‍, ശക്തിയേറിയ സൂക്ഷതരംഗങ്ങള് ഉപയോഗിച്ച് ഇരകളുടെ നാഡീവ്യവസ്ഥയെ തകരാറിലാക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നതാകാമെന്ന് പിന്നീടുള്ള പഠനങ്ങള്‍ സൂചിപ്പിച്ചു. ഈ രോഗം സൂക്ഷ്മതരംഗങ്ങളില്‍ നിന്ന് ഉണ്ടായതാകാമെന്നും 1970കളില്‍ ശീതയുദ്ധകാലത്ത് ഗവേഷണം നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഇതിന് സമാനമായ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞതായും യൂണിവേഴ്സിറ്റി ഓഫ് ഇല്യനോയിസിലെ പ്രൊഫസര്‍ ജെയിംസ് ലിന്നിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടു ചെയ്തു.
എതിരാളികളായ വിദേശ രാജ്യങ്ങള്‍ തങ്ങളുടെ ഉദ്യോഗസ്ഥരെ ഉന്നമിട്ട് നടത്തുന്ന ആക്രമണമാണോയെന്ന ഭയത്താല്‍ യുഎസിലെ ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്റ്സ് (ഡിഎന്‍ഐ) കൂടുതല്‍ അന്വേഷണം നടത്തുകയും 2023 മാര്‍ച്ചില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ആക്രമണമാണെന്നതിന് വിശ്വസനീയമായ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുമ്പ് നിലനിന്നിരുന്ന രോഗാവസ്ഥകളും ചില പാരിസ്ഥിതിക ഘടകങ്ങളുമാണ് നിഗൂഡമായ ഈ അസുഖത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിഎന്‍ഐ റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പ് സെൻട്രൽ ഇന്റലിജൻസ് ഏജന്‍സിയുടെ റിപ്പോർട്ട് 2022-ല്‍ പുറത്തുവന്നിരുന്നു. വിദേശരാജ്യങ്ങളുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും ചില രോഗാവസ്ഥകളും മാനസിക സമ്മര്‍ദവും മറ്റുചില ഘടകങ്ങളുമാണ് മിക്ക കേസുകളിലും കാരണമെന്ന് ഇത് വ്യക്തമാക്കുന്നു. എന്നാല്‍, സിഐഎ റിപ്പോര്‍ട്ടിന് ചില കോണുകളില്‍ നിന്ന് എതിര്‍പ്പ് നേരിട്ടിരുന്നു.
ഇന്ത്യയില്‍ ഇതുവരെ ഒരു ഹവാന സിന്‍ഡ്രോം കേസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2021 ജൂലൈയില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്ത സിഐഎ ഉദ്യോഗസ്ഥനാണ് സമാനമായ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്. ഏജന്‍സിയുടെ ഡയറക്ടര്‍ വില്യം ബേണ്സിനൊപ്പമായിരുന്നു ഈ ഉദ്യോഗസ്ഥന്റെ യാത്ര. തുടര്‍ന്ന് അദ്ദേഹത്തിന് ആവശ്യമായ ചികിത്സ ഒരുക്കി നല്‍കിയിരുന്നു.
ഇതില്‍ സിഐഎ അന്വേഷണം നടത്തിയെന്നും എന്നാല്‍ കാരണം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ ഏറെ ബുദ്ധിമുട്ടിയതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
ഏതെങ്കിലും വിദേശരാജ്യമാണ് ഇതിന് പിന്നിലെങ്കിൽ എന്തുകൊണ്ടാണ് യുഎസിനെ മാത്രം ഇത് ലക്ഷ്യം വയ്ക്കുന്നത്. മറ്റു രാജ്യങ്ങളില്‍ ഇതേ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് എന്തുകൊണ്ടാണ്? ഹവാനയിലെ കനേഡിയന്‍ എംബസിയിലൊഴികെ ലോകത്തിലെ മറ്റ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥരില്‍ നിന്ന് ഇത്തരമൊരു റിപ്പോര്‍ട്ട് ഉണ്ടായിട്ടില്ല. യുഎസിന്റെ അവകാശവാദങ്ങള്‍ ശരിയല്ലെന്ന് ഇതിന് അര്‍ത്ഥമില്ല. ഇതൊരു വിചിത്രമായ കേസാണ് റോ (റിസേര്‍ച്ച് ആന്‍ഡ് അനലിസിസ് വിങ്) ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.