‘സ്റ്റാലിന് ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ല, അതുകൊണ്ട് അമിത് ഷാ പറഞ്ഞത് മനസ്സിലായിട്ടില്ല’; കെ അണ്ണാമലൈ


തമിഴ്നാട്: ഹിന്ദി–തമിഴ് ഭാഷാ വിവാദത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പരിഹസിച്ച് തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലെെ. കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞതെന്താണെന്ന് മനസ്സിലാക്കാൻ സ്റ്റാലിന് ഇംഗ്ലീഷും ഹിന്ദിയും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി മേധാവിത്വം അടിച്ചേൽപ്പിക്കുന്നതിനെ തമിഴ്നാട് ശക്തമായി എതിർക്കുന്നുവെന്ന സ്റ്റാലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡിഎംകെ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് അണ്ണാമലൈ പറഞ്ഞു.

‘‘സ്റ്റാലിന് ഹിന്ദിയോ ഇംഗ്ലിഷോ അറിയില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് അമിത് ഷാ പറഞ്ഞത് എന്താണെന്ന് മനസ്സിലായിട്ടുമില്ല. തമിഴ്– ഹിന്ദി ഭാഷകളെവച്ച് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുയാണ് ഡിഎംകെ. സ്റ്റാലിനും കൂട്ടാളികൾക്കും മറ്റൊന്നിനെ കുറിച്ചും സംസാരിക്കാനില്ലാത്തതിനാലാണ് എന്താണ് പറഞ്ഞതെന്ന് മനസ്സിലാകുക പോലും ചെയ്യാത്ത പ്രസ്താവനയിൽ അഭിപ്രായം പറയുന്നത്.’’– അണ്ണാമലൈ പറഞ്ഞു.

Also read-‘കേരള സർക്കാരിന് റെയിൽവേ വികസനത്തിൽ താൽപര്യമില്ല; എന്തു കാര്യവും കാണുന്നത് രാഷ്ട്രീയ കണ്ണിലൂടെ മാത്രം’; അശ്വിനി വൈഷ്ണവ്

എല്ലാ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണമെന്ന് അമിത് ഷാ വ്യക്തമായി പറഞ്ഞെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതി സമ്മേളനത്തിൽ, മന്ദഗതിയിലാണെങ്കിലും എതിർപ്പില്ലാതെ എല്ലാവരും ഹിന്ദിയെ അംഗീകരിക്കണമെന്ന് അറിയിച്ചിരുന്നു. ഹിന്ദി മറ്റു ഭാഷകളുമായി മത്സരത്തിലല്ലെന്നും എല്ലാ ഇന്ത്യൻ ഭാഷകളെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ രാജ്യം കരുത്താർജിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എതിർപ്പില്ലാതെ എല്ലാവരും ഹിന്ദി സ്വീകരിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആഹ്വാനം മറ്റ ഭാഷകൾ സംസാരിക്കുന്നവരെ ഹിന്ദിക്ക് അടിമകളാക്കാനുള്ള സ്വേച്ഛാധിപത്യ ശ്രമമാണെന്നും തമിഴ്നാട് ഒരു പാവ സംസ്ഥാനമല്ലെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞിരുന്നു.