‘അയോഗ്യനിൽ നിന്ന് പാര്‍ലമെന്റ അംഗത്തിലേക്ക്’; ട്വിറ്റര്‍ ബയോ തിരുത്തി രാഹുല്‍ ഗാന്ധി


രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിനു പിന്നാലെ ട്വിറ്റര്‍ ബയോ വീണ്ടും തിരുത്തി. മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിനു പിന്നാലെ ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രാഹുൽ ഗാന്ധി ലോക്‌സഭ എംപി എന്ന ബയോ മാറ്റി അയോഗ്യനാക്കപ്പെട്ട എംപി എന്നാക്കി മാറ്റിയിരുന്നു. ഈ ബയോയാണ് വീണ്ടും തിരുത്തി ‘മെമ്പര്‍ ഓഫ് പാര്‍ലമെന്‍റ്’ആക്കിയത്.

Also read-രാഹുൽ ഗാന്ധി വീണ്ടും എംപി; പാർലമെന്റംഗത്വം പുനഃസ്ഥാപിച്ചു

2019ൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശം മോദി എന്ന് പേരുള്ളവരെ അപകീർത്തിപ്പെടുത്തുന്നതാണെന്നു കാട്ടിയാണ് സൂറത്ത് കോടതി രാഹുല്‍‌ ഗാന്ധിക്ക് രണ്ടു വർഷം ശിക്ഷ വിധിച്ചത്. തുടർന്ന് രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായുളള വിജ്‍ഞാപനം ലോക്സഭ സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ അപകീര്‍ത്തികേസിൽ രാഹുലിനെ ശിക്ഷിച്ച സൂറത്ത് കോടതി വിധി നാലാം തീയതി സുപ്രീംകോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടി.