പ്രത്യയശാസ്ത്രപരമായ വിയോജിപ്പാകാം, എന്നാല്‍ വ്യക്തി വിദ്വേഷം പാടില്ല: ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാല


നാഗ്പുര്‍: രാഷ്ട്രീയത്തിൽ പ്രത്യയശാസ്ത്രപരമായ എതിര്‍പ്പുകളും വിയോജിപ്പുമാകാം അതേസമയം, ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ വ്യക്തിപരമായി വിദ്വേഷം വെച്ചുപുലര്‍ത്താന്‍ പാടില്ലെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘം ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാല. ദത്താജി ദിദോല്‍ക്കറിന്റെ നൂറാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് നേതാവായിരുന്ന ദിദോല്‍കര്‍ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ (എബിവിപി) സ്ഥാപക നേതാവ് കൂടിയായിരുന്നു.

പ്രത്യയശാസ്ത്രത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ ദിദോല്‍ക്കര്‍ സൗഹാര്‍ദപരമായ ബന്ധം പുലര്‍ത്തിയിരുന്നതായും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിച്ചിരുന്നതായും ഹൊസബാല പറഞ്ഞു. പ്രത്യയശാസ്ത്രപരമായി എതിര്‍പ്പുകളുണ്ടാകാം. എന്നാല്‍ ഒരു സമൂഹത്തില്‍ ജീവിക്കുമ്പോൾ വ്യക്തി വിദ്വേഷം കാണിക്കരുത്. പരസ്പരം ശത്രുത വച്ചുപുലര്‍ത്തരുത്. മനുഷ്യത്വത്തിന്റെയും നീതിയുടെയും തത്വങ്ങളിലുറച്ച് ലളിതമായ ജീവിതം നയിക്കുക’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌റ്റേഷൻ നവീകരണത്തിന്റെ പേരിൽ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ല: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ഭാരതീയ മസ്ദൂര്‍ സംഘിന്റെ സ്ഥാപകന്‍ ദത്തോപന്ത് ഠേംഗഡി തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഒട്ടേറെ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി വളരെ സൗഹാര്‍ദപരമായ ബന്ധം പുലർത്തിയിരുന്നു. ഇതാണ് സംഘ് നമ്മെ പഠിപ്പിക്കുന്നത്. പ്രത്യയശാസ്ത്രപരമായ എതിര്‍പ്പ് വേറെ,സമൂഹത്തില്‍ പരസ്പരം വെറുപ്പോടെ ജീവിക്കാന്‍ ആരും നമ്മെ പഠിപ്പിച്ചിട്ടില്ല.

”ദത്താജിയെപ്പോലുള്ളവര്‍ ഈ വിവേചനബുദ്ധിയും ഹൃദയവിശാലതയുമാണ് നമ്മെ പഠിപ്പിച്ചത്. ഈ വിവേകമാണ് അവര്‍ നമ്മെ പഠിപ്പിച്ചത്. വിശാല ഹൃദയരായിരിക്കാനും അവര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു” അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥി പരിഷത്തുമായി ബന്ധപ്പെട്ട ദിവസങ്ങളില്‍ ദിദോല്‍കറുമായി ദീര്‍ഘകാലം ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ച് ബിജെപി എം.പിയും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി സ്മരിച്ചു. ”ദത്താജി എപ്പോഴും തൊഴിലാളികളുടെ പിന്നില്‍ നിന്നു, തൊഴിലാളികള്‍ക്ക് അദ്ദേഹം ഒരു കാവല്‍ക്കാരനെപ്പോലെയായിരുന്നു”-അദ്ദേഹം പറഞ്ഞു.