ചരിത്രത്തിലാദ്യം; 508 റെയിൽവേ സ്റ്റേഷനുകളിൽ ഒരേ സമയം ശിലാസ്ഥാപനം; 25,000 കോടി രൂപയുടെ പദ്ധതി തുടക്കം


ന്യൂഡൽഹി: രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്ന ബൃഹത് പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. 24,470 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കാണ് തുടക്കമാകുന്നത്. ഒരേസമയം ഇത്രയും റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് തുടക്കമിടുന്ന പദ്ധതി ലോകത്ത് ആദ്യത്തേതാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. 2025ഓടെ നവീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

“ഈ സ്റ്റേഷനുകളുടെ വികസനം സർക്കാരിന്റെ പ്രധാന അജണ്ടയാണ്. ഈ റെയിൽവേ സ്റ്റേഷനുകളുടെ പുരോഗതി പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. ഈ സ്റ്റേഷനുകളുടെ ഡിസൈനുകളിൽ അദ്ദേഹം ആവശ്യമായ നിർദേശങ്ങൾ നൽകി”- റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു,

പ്രാദേശിക സംസ്‌കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാകും സ്റ്റേഷൻ കെട്ടിടങ്ങളുടെ രൂപകല്‍പ്പന. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 508 സ്റ്റേഷനുകളാണ് നവീകരിക്കുക. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55 വീതവും ബിഹാറില്‍ 49, മഹാരാഷ്‌ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മദ്ധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡീഷയില്‍ 25, പഞ്ചാബില്‍ 22 ഗുജറാത്തിലും തെലങ്കാനയിലും 21 വീതവും ഝാര്‍ഖണ്ഡില്‍ 20, ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും 18 വീതവും ഹരിയാനയില്‍ 15-ഉം കര്‍ണാടകയില്‍ 13-ഉം കേരളത്തില്‍ 35 സ്റ്റേഷനുകളും നവീകരിക്കും.

സംസ്ഥാനത്ത് അഞ്ച് സ്റ്റേഷനുകളില്‍ അമൃത് പദ്ധതിയുടെ ശിലാസ്ഥാപനം നടക്കും. ഷൊര്‍ണൂര്‍ ജംഗ്ഷൻ, തിരൂര്‍, വടകര, പയ്യന്നൂര്‍, കാസര്‍കോട് എന്നീ സ്റ്റേഷനുകളിലും കൂടാതെ മംഗളൂരു ജംഗ്ഷൻ, നാഗര്‍കോവില്‍ എന്നിവിടങ്ങളിലും തറക്കല്ലിടൽ ചടങ്ങ് നടക്കും. ഈ സ്റ്റേഷനുകളില്‍ രാവിലെ എട്ട് മുതല്‍ ആഘോഷം ആരംഭിക്കും. ചടങ്ങിന് മാറ്റുകൂട്ടാനായി തിരുവാതിര കളി, നാടോടി നൃത്തം ഉള്‍പ്പെടെയുള്ള കലാ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.