ചേരി, മലയോര, ആദിവാസി, മരുഭൂമി മേഖലകളിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 21,000 കോടി രൂപ അനുവദിച്ച് കേന്ദ്രം


നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാന മന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ (പിഎം-എബിഎച്ച്‌ഐഎം) കീഴില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 21,000 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാജ്യസഭയില്‍ പറഞ്ഞു. കോവിഡ് -19 പകര്‍ച്ചവ്യാധിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്, ഭാവിയിലുണ്ടാകുന്ന ഏത് പകര്‍ച്ച വ്യാധികളെയും പ്രതികരിക്കുന്നതിന് പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി.

64,180 കോടി രൂപ മുതല്‍ മുടക്കുള്ള പിഎം-എബിഎച്ച്‌ഐഎം 2021 ഫെബ്രുവരി 1 നാണ് ആരംഭിച്ചത്. 2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവിലേക്കാണ് പദ്ധതി. ‘7,808 ഉപ-ആരോഗ്യ കേന്ദ്രങ്ങള്‍, 2,168 നഗര ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങള്‍, 1,557 ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റുകള്‍, ജില്ലാ തലത്തില്‍ 561 പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, 443 ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റലുകള്‍ എന്നിവയുടെ നിര്‍മാണം, വികസനം എന്നിവയ്ക്കായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 21,130.89 കോടി രൂപ (UTs) അനുവദിച്ചിട്ടുണ്ട്’ മാണ്ഡവ്യ പറഞ്ഞു. നഗര, ഗ്രാമ പ്രദേശങ്ങളിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍, മേല്‍നോട്ടം, ആരോഗ്യ ഗവേഷണം എന്നിവയിലെ പോരായ്മകള്‍ നികത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 5,000 ജനസംഖ്യയുള്ള സമതല പ്രദേശങ്ങളിലും 3,000 ജനസംഖ്യയുള്ള മലയോര, ആദിവാസി, മരുഭൂമി പ്രദേശങ്ങളിലും 17,788 ഗ്രാമീണ ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

Also read-ഉത്തരാഖണ്ഡില്‍ 3,115 പുള്ളിപ്പുലികളെ കണ്ടെത്തി; 8 വര്‍ഷത്തിനിടെ 29 ശതമാനം വര്‍ധനവെന്ന് വനംവകുപ്പ്

എല്ലാ സംസ്ഥാനങ്ങളിലും, പ്രധാനമായും ദരിദ്രരും ദുര്‍ബലരുമായ ജനവിഭാഗങ്ങളുള്ള ചേരി പോലുള്ള പ്രദേശങ്ങളില്‍, 11,024 നഗര ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങള്‍ വികസിപ്പിക്കാനും നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിയിലെ ഏറ്റവും കൂടുതല്‍ തുകയായ 4,000 കോടി രൂപ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിഹാര്‍ (1,877 കോടി രൂപ), മധ്യപ്രദേശ് (1,543 കോടി രൂപ), തെലങ്കാന (1,369 കോടി രൂപ) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന തുക. 12 പരിശീലന, മോണിറ്ററിംങ് കേന്ദ്ര സ്ഥാപനങ്ങള്‍ സ്ഥാപിക്കല്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ (എന്‍സിഡിസി) പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍, 15 ഹെല്‍ത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സ്ഥാപിക്കല്‍ എന്നിവയും (സിഎസ്എസ്) പദ്ധതിയിലുണ്ട്.

‘സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ സര്‍ക്കാരുകളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും, വിഭവങ്ങളുടെ ലഭ്യത അനുസരിച്ച് ഈ നിര്‍ദ്ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമങ്ങളിലും നഗരങ്ങളിലുമായി ഏകദേശം 29,000 ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളുടെ (എച്ച്ഡബ്ല്യുസി) നിര്‍മ്മാണം, ബ്ലോക്ക് തലങ്ങളില്‍ 3,300-ലധികം ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റുകള്‍ (ബിപിഎച്ച്യു), 730 ജില്ലകളില്‍ പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ (ഐപിഎച്ച്എല്‍) 602 ജില്ലകളില്‍ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ ബ്ലോക്കുകള്‍ (CCB) സ്ഥാപിക്കല്‍ എന്നിവയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.