ചന്ദ്രയാൻ 3 ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ; അടുത്തഘട്ട ഭ്രമണപഥം താഴ്ത്തൽ നാളെ


ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിൽ ഒരു ഘട്ടം കൂടി വിജയകരമായി പൂർത്തിയാക്കി. ചന്ദ്രയാൻ 3 ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തി. അടുത്തഘട്ട ഭ്രമണപഥം താഴ്ത്തൽ ഓഗസ്റ്റ് ആറ് ഞായറാഴ്ച(നാളെ) നടക്കും. ലൂണാര്‍ ട്രാൻഫര്‍ ട്രജക്ടറിയിലൂടെ യാത്ര ചെയ്യുന്ന പേടകത്തെയാണ് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് മാറ്റിയത്.

പ്രൊപ്പല്‍ഷൻ മൊഡ്യൂളിലെ ലിക്വുഡ് പ്രൊപ്പല്‍ഷൻ എൻജിൻ പ്രവര്‍ത്തിപ്പിച്ചാണ് ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക് പേടകത്തെ മാറ്റിയത്. ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ വലം വെക്കുന്ന ചന്ദ്രയാൻ മൂന്നിന്‍റെ ആദ്യ ഭ്രമണപഥ താഴ്ത്തല്‍ നാളെ രാത്രി 11ന് നടക്കും. ഇതിന് ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വര്‍ക്ക് (ഇസ്ട്രാക്) വിഭാഗമാണ് നേതൃത്വം നൽകുന്നത്.

ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാൻ മൂന്ന് പേടകത്തെ ട്രാൻസ് ലൂണാര്‍ ഓര്‍ബിറ്റിലേക്ക് മാറ്റിയത്. തുടര്‍ന്ന് നാല് ദിവസം ലൂണാര്‍ ട്രാൻഫര്‍ ട്രജക്ടറിയിലൂടെ യാത്ര ചെയ്താണ് പേടകം ഇന്ന് ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ വലയത്തിന് സമീപമെത്തിയത്. ലിക്വുഡ് പ്രൊപ്പല്‍ഷൻ എൻജിൻ പ്രവര്‍ത്തിപ്പിച്ചാണ് പേടകത്തെ ഭ്രമണപഥത്തില്‍ സ്ഥാപിച്ചത്.

ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ വലം വെക്കുന്ന പേടകവും ചന്ദ്രനും തമ്മിലുള്ള അകലം അഞ്ച് ഘട്ടങ്ങളിലായി കുറക്കും. 100 കിലോമീറ്റര്‍ വൃത്താകൃതിയിലെ ഭ്രമണപഥത്തില്‍ എത്തുന്നതോടെ പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ നിന്ന് ലാൻഡര്‍ വേര്‍പെടും. തുടര്‍ന്ന് ചന്ദ്രന്‍റെ 100 കിലോമീറ്റര്‍ അകലെയും 30 കിലോമീറ്റര്‍ അടത്തുമുള്ള ഭ്രമണപഥത്തില്‍ പ്രവേശിക്കുന്ന ലാൻഡറിന്‍റെ സോഫ്റ്റ് ലാൻഡിങ് ഓഗസ്റ്റ് 23ന് നടക്കുമെന്നാണ് ഐ എസ് ആർ ഒ അറിയിച്ചിട്ടുള്ളത്.

News Summary- In another crucial manoeuvre, the Chandrayaan-3 spacecraft has successfully injected into Moon’s orbit, ISRO announced on Saturday.