രാജസ്ഥാൻ മുൻമന്ത്രി പുറത്തുവിട്ട ‘റെഡ് ഡയറി’യിൽ അശോക് ഗെഹ്ലോട്ടിന്റെ പണമിടപാടുകളെക്കുറിച്ചും വിവരങ്ങളെന്ന് സൂചന


രാജസ്ഥാന്‍ രാഷ്ട്രീയത്തിലെ വിവാദമായ റെഡ് ഡയറിയിലെ വിവരങ്ങള്‍ പുറത്തുവിട്ട് മുന്‍ സംസ്ഥാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജേന്ദ്ര സിംഗ് ഗുധ. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പണമിടപാടുകള്‍ സംബന്ധിച്ച രേഖകളും ഡയറിയിലുണ്ടെന്നാണ് ഗുധയുടെ വാദം. 2020ല്‍ ആണ് ഡയറി തന്റെ കൈയ്യിലെത്തിയത് എന്ന് ഗുധ പറഞ്ഞു. അന്ന് കോണ്‍ഗ്രസ് നേതാവ് ധര്‍മ്മേന്ദ്ര റാത്തോഡിന്റെ വീട്ടില്‍ ആദായ നികുതി റെയ്ഡ് നടന്ന സമയത്ത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഡയറി കൈക്കലാക്കിയതെന്നും ഗുധ പറഞ്ഞു.

എന്നാല്‍ അങ്ങനെയൊരു ഡയറി ഇല്ലെന്ന് ഗെഹ്ലോട്ട് പറഞ്ഞു. ചിലരുടെ ഭാവനയില്‍ ഉരുത്തിരിഞ്ഞ ഡയറിയാണിതെന്നും രാഷ്ട്രീയനേട്ടത്തിനായി അവ ഉപയോഗിക്കുകയാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. എന്നാല്‍ ധര്‍മ്മേന്ദ്ര റാത്തോഡിന്റെ കൈപ്പടയിലെഴുതിയ ഡയറിയിലെ ചില ഭാഗങ്ങള്‍ ഗുധ പരസ്യപ്പെടുത്തിയിരുന്നു. ” വൈഭവ് ജിയും (അശോക് ഗെഹ്ലോട്ടിന്റെ മകന്‍) ഞാനും രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെക്കുറിച്ച് സംസാരിച്ചു,” എന്നാണ് കുറിപ്പിലെ വാചകം. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ഭവാനി സിംഗ് സമോട്ട എങ്ങനെയാണ് ആളുകള്‍ക്ക് പണം നല്‍കുന്നത് എന്നതിനെപ്പറ്റിയുള്ള വിവരങ്ങളും കുറിപ്പിലുണ്ടായിരുന്നുവെന്നാണ് ആരോപണം.

സംസ്ഥാന നിയമസഭയില്‍ ഡയറി അവതരിപ്പിക്കാന്‍ താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അത് തന്നില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നുവെന്ന് ഗുധ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡയറി തട്ടിയെടുത്തവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം തന്നെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും ഗുധ ആരോപിച്ചു. മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും തന്നില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും ഗുധ ആരോപിച്ചു. രാജസ്ഥാൻ സര്‍ക്കാര്‍ സ്ത്രീ സുരക്ഷയില്‍ പിന്നിലാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഗുധയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്.