ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം റോഡ് നിർമാണ പ്രവർത്തനങ്ങളിൽ കശ്മീരിന് രാജ്യത്ത് മൂന്നാം സ്ഥാനം


ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിലെ റോഡ് നിർമാണ പ്രവർത്തനങ്ങളിൽ വൻ വർധനവ് ഉണ്ടായതായി സർക്കാർ ഡാറ്റ. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം, പുതിയ റോഡ് കണക്ടിവിറ്റികളുടെ കാര്യത്തിൽ മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയ്ക്കു പിന്നാലെ കശ്മീർ മൂന്നാം സ്ഥാനത്തെത്തി. 2011 സെൻസസ് പ്രകാരം 1,000-ത്തിലധികം ജനസംഖ്യയുള്ള എല്ലാ സ്ഥലങ്ങളിലും 2021-22 വർഷത്തിൽ റോഡ് കണക്റ്റിവിറ്റി നൽകി.

കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗ്രാം സഡക് യോജനക്കു കീഴിൽ (Pradhan Mantri Gram Sadak Yojana (PMGSY)) 17,798 കിലോമീറ്റർ ദൂരത്തിൽ, 2,096 ആവാസ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന 2,967 പദ്ധതികൾ പൂർത്തിയായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2019 ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം, ഇവിടെ നിർമിക്കുന്ന റോഡുകളുടെ എണ്ണവും വർധിച്ചു. തുടർച്ചയായ രണ്ട് സാമ്പത്തിക വർഷങ്ങൾക്കിപ്പുറം ഈ റാങ്കിംഗിൽ 12-ാം സ്ഥാനത്തുനിന്ന് ജമ്മു കശ്മീർ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

Also read-ലാപ്ടോപ്പും ടാബ്‌ലെറ്റും ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് പങ്കിട്ട ഡാറ്റ അനുസരിച്ച്, പ്രധാനമന്ത്രി ഗ്രാം സഡക് യോജനയുടെ അഖിലേന്ത്യാ റാങ്കിംഗിൽ, 2016-17 സാമ്പത്തിക വർഷത്തിൽ ജമ്മു കശ്മീർ ഒമ്പതാം സ്ഥാനത്തും 2017-18 സാമ്പത്തിക വർഷത്തിൽ 11-ാം സ്ഥാനത്തും 2018-19 സാമ്പത്തിക വർഷത്തിൽ 12-ാം സ്ഥാനത്തും ആയിരുന്നു. 2019-20 സാമ്പത്തിക വർഷത്തിൽ ഈ പട്ടികയിൽ ഒമ്പതാമതെത്തിയ ജമ്മു കശ്മീർ 2020-21 സാമ്പത്തിക വർഷത്തിലും 2021-22 സാമ്പത്തിക വർഷത്തിലും പ്രകടനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി.

കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി, റോഡ് നിർമാണത്തിന്റെ കാര്യത്തിൽ ജമ്മു കശ്മീരിനുള്ള ബജറ്റ് വിഹിതം തുടർച്ചയായി വർദ്ധിച്ചെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ബുധനാഴ്ച രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു. 2020-21 സാമ്പത്തിക വർഷത്തിൽ ഇതിനായി 70 കോടി രൂപ അനുവദിക്കുകയും അതിൽ 52 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. 2021-22 സാമ്പത്തിക വർഷത്തിൽ 90 കോടി രൂപ അനുവദിക്കുകയും അതിൽ 68 കോടി ചെലവഴിക്കുകയും ചെയ്തു. 2022-23 സാമ്പത്തിക വർഷത്തിൽ ജമ്മു കശീമിരിലെ റോഡ് നിർമാണത്തിന് 390 കോടി രൂപയാണ് അനുവദിച്ചത്. ഇതുവരെയുള്ള കണക്കനുസരിച്ച്, അതിൽ 101 കോടി രൂപ ചെലവഴിച്ചു.

Also read-മൊബൈൽ ചാർജറിൽ കടിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റ് മരിച്ചു

2019ൽ 39,345 കിലോമീറ്ററായിരുന്നു ജമ്മു കശ്മീരിലെ റോഡുകളുടെ ആകെ നീളമെങ്കിൽ, 2022 മാർച്ച് വരെയുള്ള കണക്കനുസരിച്ച് അത് 41,141 കിലോമീറ്ററായി വർധിച്ചതായും കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. വരുന്ന മൂന്നോ നാലോ വർഷത്തിനുള്ളിൽ തങ്ങൾ ജമ്മു-കശ്മീർ റോഡ് ശൃംഖലയെ അമേരിക്കയുടേതിന് തുല്യമാക്കും എന്നും അതിനായുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തിവരുന്നത് എന്നും ഇക്കഴിഞ്ഞ ഏപ്രിലിൽ ശ്രീനഗറിൽ വെച്ചു നടത്തിയ ഒരു പത്രസമ്മേളനത്തിൽ നിതിൻ ഗഡ്കരി പറഞ്ഞിരുന്നു.