പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പ്രമുഖ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍, അറസ്റ്റ് ചെയ്തത് തീവ്രവിരുദ്ധ സേന

മുംബൈ: പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയിലെ ശാസ്ത്രഞ്ജനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയില്‍ സ്ഥിതി ചെയ്യുന്ന ഡിഫന്‍സ് റിസര്‍ച് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ ശാസ്ത്രജ്ഞനായ പ്രദീപ് കുരുല്‍ക്കറാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര എടിഎസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രദീപ് കുരുല്‍ക്കറിനെ പാകിസ്ഥാന്‍ ഏജന്‍സി ഹണി ട്രാപ്പില്‍ കുടുക്കി തങ്ങളുടെ ആവശ്യാനുസരണം ഉപയോഗിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. ഇയാള്‍ക്കെതിരെ ഡിആര്‍ഡിഒയില്‍ നിന്ന് തന്നെയാണ് മഹാരാഷ്ട്ര എടിഎസിന് പരാതി ലഭിച്ചത്. ഡിആര്‍ഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയര്‍ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുല്‍ക്കര്‍.

പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയുമായി ഇയാള്‍ ആശയ വിനിമയം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് എടിഎസ് അറിയിച്ചു. പാക് രഹസ്യാന്വേഷണ ഏജന്‍സിയുമായി ഇയാള്‍ വാട്‌സ്ആപ്പ് വഴിയാണ് ബന്ധപ്പെട്ടത്. ഇതിന്റെ തെളിവുകള്‍ എടിഎസിന് ലഭിച്ചു. പ്രദീപ് കുരുല്‍ക്കര്‍ എന്തൊക്കെ വിവരങ്ങള്‍ പാക് ഏജന്‍സിക്ക് വേണ്ടി ചോര്‍ത്തി നല്‍കിയെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എടിഎസ് അറിയിച്ചു.