ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷനിൽ (Shanghai Cooperation Organisation) പങ്കെടുക്കാനായി ഗോവയിലെത്തിയ വിദേശകാര്യ മന്ത്രിമാർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ (S Jaishankar) സ്വീകരണം നൽകി. വിദേശകാര്യ മന്ത്രിമാരുടെ എസ്‌സിഒ കൗൺസിൽ പ്രധാന ചർച്ചകൾ ഇന്ന് നടക്കും. ബെനൗലിമിലെ കടൽത്തീരത്തെ താജ് എക്സോട്ടിക്ക റിസോർട്ടിൽ നടന്ന സ്വീകരണത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്, റഷ്യയുടെ സെർജി ലാവ്‌റോവ്, പാക്കിസ്ഥാന്റെ ബിലാവൽ ഭൂട്ടോ-സർദാരി, ഉസ്ബെക്കിസ്ഥാന്റെ ബക്തിയോർ സൈദോവ്, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, എസ്‌സിഒ സെക്രട്ടറി ജനറൽ ഷാങ് മിംഗ് എന്നിവർ പങ്കെടുത്തു.
ഉക്രെയ്‌ൻ – റഷ്യയുദ്ധം, ചൈനയുടെ വിപുലീകരണ സ്വഭാവത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലുമാണ് എസ്‌സിഒ കോൺക്ലേവ് നടക്കുന്നത്. അഫ്ഗാനിസ്ഥാനിലെ മൊത്തത്തിലുള്ള സാഹചര്യം, താലിബാൻ ഭരണത്തിന് കീഴിൽ രാജ്യം തീവ്രവാദത്തിന്റെ വിളനിലമായി മാറിയേക്കാമെന്ന ആശങ്കയും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക സുരക്ഷാ സാഹചര്യവും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിഴക്കൻ ലഡാക്കിൽ നിലനിൽക്കുന്ന അതിർത്തി തർക്കം കണക്കിലെടുത്ത് ചൈനയുമായുള്ള ബന്ധം കടുത്ത സമ്മർദ്ദത്തിലായിരിക്കുമ്പോഴാണ് ഇന്ത്യ എസ്‌സിഒ കോൺക്ലേവിന് ആതിഥേയത്വം വഹിക്കുന്നത്.
റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ 2001-ൽ ഷാങ്ഹായിൽ നടന്ന ഉച്ചകോടിയിലാണ് എസ്‌സിഒ സ്ഥാപിച്ചത്. ഇന്നത് ഒരു സ്വാധീനമുള്ള സാമ്പത്തിക, സുരക്ഷാ ബ്ലോക്കാണ്. കൂടാതെ ഏറ്റവും വലിയ പ്രാദേശിക അന്തർദേശീയ സംഘടനകളിലൊന്നായി ഉയരാനും ഇതിനോടകം എസ്‌സിഒക്ക് കഴിഞ്ഞിട്ടുണ്ട്. 2017ലാണ് ഇന്ത്യയും പാക്കിസ്ഥാനും സ്ഥിരാംഗങ്ങളായത്.